മൈസൂരു: വിശ്വഹിന്ദുപരിഷത്ത്-ബി.ജെ.പി.നേതാവ് കെ. രാജുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി.യും ഹിന്ദുസംഘടനകളും നടത്തിയ ബന്ദില്‍ മൈസൂരുവില്‍ പരക്കെ അക്രമം. പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ഉദയഗിരിയിലെ ചായക്കടയില്‍ സുഹൃത്തുക്കളോടൊപ്പം നില്‍ക്കുകയായിരുന്ന രാജുവിനെ വടിവാളുകളുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. തലയ്ക്കും കഴുത്തിനും വെട്ടേറ്റ രാജു (33) സംഭവസ്ഥലത്തുതന്നെ മരിച്ചു.
 
ആര്‍.എസ്.എസ്. രാജു എന്നറിയപ്പെടുന്ന ഇദ്ദേഹം ഇലക്ട്രിക്കല്‍ എന്‍ജിനീയറാണ്. മൃതദേഹം മൈസൂരു മെഡിക്കല്‍കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ ആരും അറസ്റ്റിലായിട്ടില്ല. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെമുതല്‍ വിവിധയിടങ്ങളില്‍ വിവിധ ഹിന്ദുസംഘടനകള്‍ പ്രകടനങ്ങള്‍ നടത്തി. കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ക്കുനേരേ അക്രമമുണ്ടായി.
 
ബസ്സുകളില്‍നിന്ന് യാത്രക്കാരെ ഇറക്കിവിട്ടു. കെ.ആര്‍. ആസ്​പത്രിക്ക് സമീപം ബൈക്കും ഓട്ടോയും അഗ്നിക്കിരയാക്കി. നഗരത്തിലെ കടകമ്പോളങ്ങളും മൈസൂരു മൃഗശാലയും അടപ്പിച്ചു.

സ്‌കൂള്‍വിദ്യാര്‍ഥികളടക്കമുള്ള നൂറുകണക്കിനുപേര്‍ നഗരത്തില്‍ കുടുങ്ങി. മൈസൂരു ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ചു. ദേവരാജ കമ്പോളത്തില്‍ പ്രതിഷേധക്കാര്‍ മലയാളികളുടേതടക്കം നിരവധികടകള്‍ അടിച്ചുതകര്‍ത്തു.
 
ആയുര്‍വേദകോളേജിന് സമീപം പ്രകടനം നടത്തിയ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.
സിറ്റിപോലീസ് കമ്മിഷണര്‍ ബി. ദയാനന്ദിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ റിപ്പോര്‍ട്ടാവശ്യപ്പെട്ട മുഖ്യമന്ത്രി സിദ്ധരാമയ്യ സമാധാനം കാത്തുസൂക്ഷിക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.