ന്യൂഡല്‍ഹി: ശബരിമലയിലെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അയോധ്യയിലെ പ്രക്ഷോഭങ്ങൾക്ക് സമാനമായി രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി.) പറഞ്ഞു. അയ്യപ്പഭക്തർക്കെതിരേ പിണറായി സർക്കാർ സ്വീകരിക്കുന്ന നിലപാടിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും സാഹചര്യം മോശമായാൽ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്നും വി.എച്ച്.പി. ദേശീയ ജോയന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയ്ൻ ആവശ്യപ്പെട്ടു.

ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യയാണെന്ന് വി.എച്ച്.പി. വക്താവ് വിനോദ് ബൻസാൽ പറഞ്ഞതിനുപിന്നാലെയാണ് അയോധ്യ മാതൃകയിൽ പ്രക്ഷോഭം നടത്തുമെന്ന് ജെയ്ൻ പറഞ്ഞത്. വാർത്താസമ്മേളത്തിലാണ് ബൻസാൽ നിലപാട് വ്യക്തമാക്കിയത്.

ശബരിമല വിഷയത്തിൽ പിണറായി വിജയൻ ഔറംഗസേബിനെപ്പോലെയാണ് പെരുമാറുന്നതെന്ന് ജെയ്‌ൻ പറഞ്ഞു. കേരളത്തെ കശ്മീരിനെപ്പോലെ ഹിന്ദുക്കളില്ലാത്ത സംസ്ഥാനമാക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. സുപ്രീംകോടതി വിധിയുടെ മറവിൽ ഹിന്ദുക്കൾക്കെതിരേ കടുത്ത ആക്രമണമാണ് നടത്തുന്നത്. യുവതികളെ പ്രവേശിപ്പിക്കുന്നതിന്റെ പേരിൽ സ്ത്രീകളായ ഭക്തരെ ഉപദ്രവിക്കുകയാണ്. ദേശീയ മനുഷ്യാവകാശ കമ്മിഷൻ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജെയ്ൻ അഭിപ്രായപ്പെട്ടു.

സംസ്ഥാനവിഷയമായതിനാൽ സുപ്രീംകോടതിവിധി മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരാൻ കേന്ദ്രത്തിന് കഴിയില്ല. പുനഃപരിശോധനാ ഹർജിയിൽ സുപ്രീംകോടതിയുടെ തീരുമാനമുണ്ടായശേഷം ആവശ്യമെങ്കിൽ ശബരിമല വിഷയത്തിൽ ദേശവ്യാപക പ്രക്ഷോഭം നടത്തും. സുപ്രീംകോടതിയിൽ ദേവസ്വം ബോർഡ് സാവകാശം തേടിയത് സദുദ്ദേശ്യത്തോടെയല്ലെന്നും അദ്ദേഹം ആരോപിച്ചു.