അയോധ്യ: അയോധ്യാ ഭൂമിതർക്കക്കേസിലെ വിധിക്കുശേഷം സമാധാനം പാലിക്കുമെന്ന മുസ്‌ലിം സംഘടനകളുടെ പ്രഖ്യാപനം പിന്തുടർന്ന് വിശ്വഹിന്ദു പരിഷത്തും (വി.എച്ച്.പി.). വിധി പ്രഖ്യാപനത്തിനുശേഷം നടത്താനുദ്ദേശിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി വി.എച്ച്.പി. പ്രഖ്യാപിച്ചു.

വിധി തങ്ങൾക്കനുകൂലമായാൽ തർക്കഭൂമിയിൽ മസ്ജിദ് പണിയുന്നത് വൈകിപ്പിക്കുമെന്ന് കേസിലെ മുസ്‌ലിം കക്ഷികൾ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് വി.എച്ച്.പി.യും സമാധാനം സംരക്ഷിക്കാനുള്ള ശ്രമം നടത്തുമെന്നറിയിച്ചത്. “വിധി ഹിന്ദുക്കൾക്കനുകൂലമായാലും മുസ്‌ലിങ്ങൾക്കനുകൂലമായാലും ഇരുവിഭാഗങ്ങളും തമ്മിലുള്ള സാഹോദര്യവും സഹകരണവും സംരക്ഷിക്കേണ്ടതാവശ്യമാണെ”ന്ന് വി.എച്ച്.പി. ഉത്തർപ്രദേശ് വക്താവ് ശരദ് ശർമ പറഞ്ഞു.

“എല്ലാ പരിപാടികളും പ്രവർത്തകരുടെ കൂട്ടായ്മകളും ഞങ്ങൾ റദ്ദാക്കി. ഗോധ്രയിൽ നടന്നതും ഗുജറാത്തിലൊട്ടാകെ അതിന്റെ അനന്തരഫലം അലയടിച്ചതും നമുക്കറിവുള്ളതാണ്. അയോധ്യയിലോ രാജ്യത്തു മറ്റെവിടെയെങ്കിലുമോ അത്തരം സ്ഥിതിവിശേഷമുണ്ടാകുന്നില്ല എന്നുറപ്പുവരുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്” -അദ്ദേഹം പറഞ്ഞു.