ന്യൂഡൽഹി: വത്തിക്കാനുമായി ചേർന്ന് രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഇന്ത്യയിലെ ക്രൈസ്തവസഭാ നേതൃത്വം ശ്രമിക്കുന്നതെന്ന് വിശ്വ ഹിന്ദു പരിഷത് (വി.എച്ച്.പി.). സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ‘വാടകക്കൊലയാളി’യായാണ് സഭ പ്രവർത്തിക്കുന്നതെന്നും വി.എച്ച്.പി. ജോയന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ ആരോപിച്ചു.

ബി.‍ജെ.പി.ക്കും കേന്ദ്ര സർക്കാരിനും എതിരെ പരോക്ഷ വിമർശനമടങ്ങിയ ഡൽഹി, ഗോവ ആർച്ച്‌ ബിഷപ്പുമാരുടെ ഇടയലേഖനമാണ് വി.എച്ച്.പി.യെ ചൊടിപ്പിച്ചത്. ഭരണഘടന അപകടത്തിലാണെന്നും രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും അരക്ഷിതാവസ്ഥയിലാണെന്നും ഗോവ, ദാമൻ ആർച്ച്ബിഷപ് ഫാ. ഫിലിപ് നേരി ഫെരാരോ കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു.

“സഭാനേതൃത്വം സർക്കാരിനെതിരേ അവിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. സഭയുടെ രാഷ്ട്രീയനിലപാടിനെയും അവരുടെ മതപരിവർത്തന അജൻഡയെയും ചോദ്യംചെയ്തപ്പോഴാണ് ഇന്ത്യൻ ഭരണഘടന ‘അപകട’ത്തിലായത്. ഇതു സഭയുടെ കാഴ്ചപ്പാടല്ല. വത്തിക്കാന്റെ നിർദേശങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്ന സർക്കാരിനെ സൃഷ്ടിക്കുന്നതിനുള്ള ഗൂഢാലോചനയാണ്. ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ മാത്രമല്ല, ഇന്ത്യയെയും കൂടിയാണ് വത്തിക്കാൻ അപകീർത്തിപ്പെടുത്തുന്നത്. ഇന്ത്യയിലെ സഭാനേതൃത്വം അവരുടെ കൈകളിലെ പാവകളായി വർത്തിക്കുകയാണ് -അദ്ദേഹം പറഞ്ഞു.

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴും കശ്മീർ താഴ്‌വരയിൽ ഹിന്ദുക്കൾ കൊല്ലപ്പെട്ടപ്പോഴും 1984-ൽ സിഖുകാരെ കൂട്ടക്കൊല ചെയ്തപ്പോഴും സഭ മൗനം പാലിക്കുകയായിരുന്നു. സഭയെ സംബന്ധിച്ചിടത്തോളം ഇവയൊന്നും ഭരണഘടനയെ ആപത്തിലാക്കുന്നവയല്ലായിരുന്നു”- ജെയ്ൻ കുറ്റപ്പെടുത്തി. ബി.ജെ.പി. സർക്കാർ അധികാരത്തിലെത്തുമ്പോൾ മാത്രം സഭ എന്തുകൊണ്ട് ഇത്തരത്തിൽ പെരുമാറുന്നുവെന്നും വി.എച്ച്.പി.നേതാവ് ചോദിച്ചു.