അഹമ്മദാബാദ്: വി.എച്ച്.പി.നേതൃത്വത്തില്‍നിന്ന് തന്നെ പുകച്ച് പുറത്താക്കാനുള്ള നീക്കത്തോടുള്ള പ്രതികരണമാണ് സംഘടനയുടെ അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റായ പ്രവീണ്‍ തൊഗാഡിയയുടെ ഒളിവുനാടകമെന്ന് സൂചന.

നരേന്ദ്രമോദിയും അമിത് ഷായും തൊഗാഡിയക്കെതിരേ കരുനീക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിക്കുന്നത്. ഭുവനേശ്വറില്‍ കഴിഞ്ഞമാസം നടന്ന വി.എച്ച്.പി. നേതൃയോഗത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ പേര് ഉയര്‍ന്നിരുന്നു. അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റായി 2011 മുതല്‍ തുടരുകയാണ് തൊഗാഡിയ. രാഘവ റെഡ്ഡിയാണ് പ്രസിഡന്റ്. തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ്, വര്‍ക്കിങ് പ്രസിഡന്റിനെ നാമനിര്‍ദേശം നടത്തുന്നതാണ് രീതി. ഇത്തവണ രാഘവറെഡ്ഡിക്കുപുറമേ വി. കോക്‌ജെയുടെ പേരും ഉയര്‍ന്നതിനെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. കോക്‌ജെയെ കൊണ്ടുവരുന്നത് തൊഗാഡിയയുടെ ആധിപത്യം അവസാനിപ്പിച്ചേക്കും.

ഗുജറാത്തുകാരായ നരേന്ദ്രമോദിയും തൊഗാഡിയയും 2002 മുതല്‍ പരിവാറില്‍ എതിര്‍ധ്രുവങ്ങളിലാണ്. പട്ടേല്‍സമരത്തെ തൊഗാഡിയ പലപ്പോഴും ന്യായീകരിച്ചിരുന്നു. ഗുജറാത്തിലെ കര്‍ഷകപ്രശ്‌നങ്ങളോടുള്ള സംസ്ഥാനസര്‍ക്കാരിന്റെ അലംഭാവത്തെയും തുറന്ന് വിമര്‍ശിക്കാറുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കായി പ്രചാരണത്തിനും ഇറങ്ങിയില്ല.

സംസ്ഥാനത്തെ വലിയൊരു വിഭാഗം വി.എച്ച്.പി. അണികള്‍ തൊഗാഡിയയെ തുണയ്ക്കുന്നവരാണ്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തില്‍ ബി.ജെ.പി.യുടെ മെല്ലെപ്പോക്കിനെ നിരന്തരം തൊഗാഡിയ വിമര്‍ശിക്കുന്നുണ്ട്. ഈസാഹചര്യത്തിലാണ് നിയന്ത്രണം ആര്‍.എസ്.എസിനാണെങ്കിലും വി.എച്ച്.പി.യില്‍ പുതിയ നേതൃത്വം വരണമെന്ന് മോദിയും അമിത് ഷായും ആഗ്രഹിക്കുന്നത്. അത് രഹസ്യമായ കാര്യമല്ല.

പഴയകേസുകളില്‍ കോടതികളില്‍നിന്ന് ഇപ്പോള്‍ തുടരെ വാറന്റുകള്‍ വരുന്നതില്‍ അസ്വഭാവികതയുണ്ടെന്ന് തൊഗാഡിയ കരുതുന്നു. ബി.ജെ.പി.യില്‍ 1996-ല്‍ വഗേല വിഭാഗത്തിന്റെ ഒരുയോഗം അലങ്കോലപ്പെടുത്തിയ കേസില്‍ കഴിഞ്ഞമാസം തൊഗാഡിയ കോടതിയില്‍നിന്ന് ജാമ്യമെടുത്തു. ഇതിനുപിന്നില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്ന് തൊഗാഡിയ ആരോപണമുയര്‍ത്തി. തിങ്കളാഴ്ച രാജസ്ഥാനിലെ കേസില്‍ ഒളിവില്‍പോയതിനെത്തുടര്‍ന്ന് ഗുജറാത്തില്‍ പലയിടത്തും വി.എച്ച്.പി.ക്കാര്‍ തെരുവിലിറങ്ങി. നറോദഗാമിലെ ന്യൂനപക്ഷങ്ങള്‍ കലാപം ഭയന്ന് സുരക്ഷിതസ്ഥാനങ്ങള്‍ തേടി. ഇരയുടെ പരിവേഷം സൃഷ്ടിക്കുകയും സംഘടനയില്‍ ആധിപത്യം നിലനിര്‍ത്തുകയുമാണ് തൊഗാഡിയയുടെ ലക്ഷ്യമെന്ന് കരുതുന്നു.

പട്ടേല്‍നേതാവ് ഹാര്‍ദിക് പട്ടേല്‍ ആസ്​പത്രിയില്‍ കഴിയുന്ന തൊഗാഡിയയെ ചൊവ്വാഴ്ച സന്ദര്‍ശിച്ച് പിന്തുണയറിയിച്ചു. ''അമിത് ഭായിയുടെയും നരേന്ദ്രഭായിയുടെയും ഗൂഢാലോചന ഏവര്‍ക്കും അറിയാം. ആര്‍.എസ്.എസ്. തൊഗാഡിയക്ക് എതിരാണെന്നതും രഹസ്യമല്ല'' -ഹാര്‍ദിക് പറഞ്ഞു.