മുംബൈ: ഗോ സംരക്ഷണത്തിന്റെപേരില്‍ അതിക്രമങ്ങള്‍ നടക്കുന്നത് തടയാന്‍ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ് ദളും 'യഥാര്‍ഥ' ഗോരക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു. ഈ ജന്മാഷ്ടമിക്ക് നാഗ്പുരില്‍ ഇതിന്റെ ഉദ്ഘാടനം നടക്കും. പിന്നീടത് രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും.

ഗോരക്ഷയുടെപേരില്‍ അതിക്രമങ്ങള്‍ കാട്ടുന്നത് യഥാര്‍ഥ ഗോരക്ഷകരല്ലെന്നാണ് വിശ്വഹിന്ദു പരിഷത്ത് പറയുന്നത്. 'ചില സമൂഹരക്ഷകരെയും അക്രമികളെയും വേര്‍തിരിച്ചുകാണേണ്ടതുണ്ട്. അതിനാണ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത്' -വി.എച്ച്.പി. റീജണല്‍ വൈസ് പ്രസിഡന്റ് ഹേമന്ദ് ജാംഭേക്കര്‍ നാഗ്പുരില്‍ പറഞ്ഞു.

എവിടെ അതിക്രമമുണ്ടായാലും വിശ്വഹിന്ദു പരിഷത്തിനാണ് പഴി കേള്‍ക്കേണ്ടിവരുന്നതെന്ന് ജാംഭേക്കര്‍ പറഞ്ഞു. യഥാര്‍ഥത്തില്‍ പോലീസിനെ സഹായിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.