ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ കർണാടക ഹൈക്കോടതി ഒക്ടോബർ ഏഴിനുശേഷം വിധിപറയും. ഹർജിയിൽ വാദങ്ങളുടെ സംഗ്രഹം ബിനീഷിന്റെ അഭിഭാഷകൻ എഴുതിസമർപ്പിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വാദ സംഗ്രഹം സമർപ്പിച്ചില്ല.

വെള്ളിയാഴ്ച ഹർജി പരിഗണിച്ചപ്പോൾ ഇ.ഡി.യുടെ അഭിഭാഷകർ ഹാജരായില്ല. ഇതേത്തുടർന്ന് ഈമാസം ഏഴുവരെ ഇ.ഡി.ക്ക് സമയം നൽകി. അന്നും വാദസംഗ്രഹം സമർപ്പിച്ചില്ലെങ്കിൽ വിധി നടപടികളിലേക്കു കടക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. കഴിഞ്ഞയാഴ്ച ഇരുവിഭാഗങ്ങളുടെയും വാദം പൂർത്തിയായതിനാൽ ഒക്ടോബർ ഒന്നിനകം വാദങ്ങളുടെ സംഗ്രഹം എഴുതിനൽകാനായിരുന്നു ജഡ്ജി എം.ജി. ഉമ നിർദേശിച്ചത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ഒക്ടോബർ 29-നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റുചെയ്തത്. നവംബർ 11-നുശേഷം പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.