മൈസൂരു: കാട്ടുകൊള്ളക്കാരൻ വീരപ്പൻ വിഹരിച്ചിരുന്ന ചാമരാജനഗറിലെ ഗോപിനാഥത്തെ വനമേഖലയിലെ സഞ്ചാരപഥം വിനോദസഞ്ചാരികൾക്കായി ട്രക്കിങ് പാതയാക്കാൻ പദ്ധതി. വനംവകുപ്പും വിനോദസഞ്ചാരവകുപ്പും ചേർന്നാണ് പദ്ധതിയൊരുക്കുന്നത്.

വീരപ്പന്റെ ജന്മസ്ഥലമാണ് തമിഴ്‌നാടിന്റെ അതിർത്തിഗ്രാമമായ ഗോപിനാഥം. ഒരുകാലത്ത് കുപ്രസിദ്ധമായിരുന്ന ഈ പ്രദേശത്തിന്റെ പ്രതിച്ഛായ മാറ്റിയെടുക്കാനാണ് വനംവകുപ്പിന്റെ ശ്രമം.

‘നിഗൂഢ പഥം’ എന്ന പേരിൽ പ്രദേശത്തെ പുനരവതരിപ്പിക്കാനാണ് ലക്ഷ്യം. 20 കിലോമീറ്ററോളം വരുന്നതാണ് പാത. ഡിസംബർ അവസാനത്തോടെ പദ്ധതി നടപ്പാക്കും.

വീരപ്പനുമായി ഏറ്റുമുട്ടി വനപാലകരും പോലീസുകാരും കൊല്ലപ്പെട്ട സ്ഥലങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയെല്ലാം ട്രക്കിങ് പാതയിൽ ഉൾപ്പെടുത്തും. കൂടാതെ സഫാരിയും നടപ്പാക്കും. സഫാരിക്കായി റോഡുകൾ നവീകരിക്കും. പദ്ധതിക്കായി അഞ്ചുകോടിരൂപ നീക്കിവെച്ചിട്ടുണ്ടെന്ന് ജംഗിൾ ലോഡ്ജ്‌സ് ആൻഡ് റിസോർട്ട്‌സ് മാനേജിങ് ഡയറക്ടർ കുമാർ പുഷ്കർ പറഞ്ഞു.

വർഷങ്ങളായി വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം ആരും പ്രദേശത്ത് പോകാറില്ല. ഗോപിനാഥത്തെത്തുന്ന വിനോദസഞ്ചാരികൾ അവിടത്തെ ജംഗിൾ ലോഡ്ജ്‌സ് ആൻഡ് റിസോർട്ടിൽ താമസിച്ചശേഷം മടങ്ങാറാണ് പതിവ്. കൂടാരത്തിൽ താമസിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. ട്രക്കിങ് പദ്ധതി നടപ്പാക്കുന്ന കാര്യം ചാമരാജനഗർ വനംവകുപ്പ് ചീഫ് കൺസർവേറ്റർ മനോജ് കുമാർ സ്ഥിരീകരിച്ചിട്ടുണ്ട്.