ചെന്നൈ: വനംകൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകൾ വിദ്യാറാണിയെ യുവമോർച്ച തമിഴ്‌നാട് സംസ്ഥാന ഘടകം വൈസ് പ്രസിഡന്റായി നിയമിച്ചു. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.ജി. ആറിന്റെ വളർത്തുമകൾ ഗീത മധുമോഹൻ, സഹോദരന്റെ കൊച്ചുമകൻ ആർ. പ്രവീൺ എന്നിവരെ ബി.ജെ.പി. സംസ്ഥാന നിർവാഹക സമിതിയിൽ ഉൾപ്പെടുത്തി. നടൻ ധനുഷിന്റെ അച്ഛനും സംവിധായകനുമായ കസ്തൂരിരാജ, സംഗീത സംവിധായകനും ഇളയരാജയുടെ സഹോദരനുമായ ഗംഗൈ അമരൻ, നടന്മാരായ രാധാ രവി, വിജയകുമാർ എന്നിവർക്ക് നിർവാഹക സമിതി ഓർഗനൈസർമാർ എന്ന പ്രത്യേക പദവിയും നൽകി.

2004-ൽ പ്രത്യേക ദൗത്യസേനയുമായുണ്ടായ ഏറ്റമുട്ടലിൽ കൊല്ലപ്പെട്ട വീരപ്പന്റെ രണ്ട് പെൺമക്കളിൽ മൂത്തയാളാണ് വിദ്യാറാണി. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി 2006 നിയമസഭാ തിരഞ്ഞെടുപ്പിൽ പെണ്ണാഗരത്തിൽനിന്ന് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിദ്യാറാണി ബി.ജെ.പി.യിൽ ചേർന്നത്. എം.ജി.ആറിന്റെ ഭാര്യ ജാനകിയുടെ സഹോദരൻ നാരായണന്റെ മകളായ ഗീത മലയാളം, തമിഴ് സീരിയൽ നടനും സംവിധായകനുമായ മധുമോഹന്റെ ഭാര്യയാണ്. 2017-ലാണ് ഗീത ബി.ജെ.പി.യിൽ ചേരുന്നത്. എം.ജി.ആറിന്റെ മൂത്തസഹോദരൻ ചക്രപാണിയുടെ മകൾ ലീലാവതിയുടെ മകനായ പ്രവീണും ഗീതയ്ക്കൊപ്പമാണ് ബി.ജെ.പി.യിൽ അംഗത്വമെടുത്തത്.

ധനുഷിന്റെ അച്ഛൻ കസ്തൂരിരാജയ്ക്ക് ബി.ജെ.പി.യിൽ പദവി ലഭിച്ചതോടെ രജനീകാന്തും ബി.ജെ.പി.യിലേക്ക് എന്ന നിലയിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. രജനീകാന്തിന്റെ മകളുടെ ഭർത്താവാണ് ധനുഷ്. സംഗീതസംവിധായകൻ ദിന, സംവിധായകൻ പേരരശ് എന്നിവരെ കലാവിഭാഗത്തിന്റെ സെക്രട്ടറിമാരായും നടൻ ആർ.കെ. സുരേഷിനെ ഒ.ബി.സി. വിഭാഗം വൈസ് പ്രസിഡന്റായും നിയമിച്ചു.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായി എൽ. മുരുകൻ സ്ഥാനമേറ്റതിനു ശേഷം നടത്തുന്ന രണ്ടാം ഭാരവാഹിപ്പട്ടിക പുതുക്കലാണിത്. മുമ്പ് നടിമാരായ നമിത, ഗൗതമി, കുട്ടിപത്മിനി തുടങ്ങിയവരെ നിർവാഹക സമിതി അംഗങ്ങളും നടനും നാടക പ്രവർത്തനുമായ എസ്.വി. ശേഖറിനെ ഖജാൻജിയുമായി നിയമിച്ചിരുന്നു. നടി ഗായത്രി രഘുറാമിന് സാംസ്കാരിക വിഭാഗത്തിന്റെ ചുമതലയും നൽകിയിരുന്നു. അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് സംഘടനാതലത്തിൽ അഴിച്ചുപണി.

Content Highlights: Veerappan's Daughter, AIADMK Founder MGR's Family Get Posts In Tamil Nadu BJP