മൈസൂരു: കുപ്രസിദ്ധ വനംകൊള്ളക്കാരൻ വീരപ്പന്റെ സംഘത്തിലുണ്ടായിരുന്ന സ്ത്രീ 27 വർഷം ഒളിവിൽ കഴിഞ്ഞശേഷം പോലീസ് പിടിയിലായി. കർണാടക ചാമരാജനഗർ ജില്ലയിൽ കൊല്ലഗൽ റൂറൽ പോലീസ് പരിധിയിലെ നല്ലൂർ ഗ്രാമത്തിൽ താമസിച്ചുവന്ന സ്റ്റെല്ല മേരി(41)യെയാണ് കൊല്ലഗൽ പോലീസ് അറസ്റ്റുചെയ്തത്. 1992-ൽ അഞ്ചു പോലീസുകാരുടെ മരണത്തിനിടയാക്കിയ രാംപുര പോലീസ് സ്റ്റേഷൻ ആക്രമണം, 1993-ൽ 22 പേർ കൊല്ലപ്പെട്ട പാലാർ ബോംബുസ്ഫോടനം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ കുറ്റാരോപിതയാണിവരെന്ന് പോലീസ് പറഞ്ഞു. ഭീകരപ്രവർത്തനവിരുദ്ധനിയമമായ ‘ടാഡ’യിലെ വ്യവസ്ഥകൾ ചുമത്തി അക്കാലത്ത് പോലീസ് ഇവർക്കെതിരേ കേസെടുത്തിരുന്നു.

വനാതിർത്തിപ്രദേശത്ത് കൃഷിഭൂമി പാട്ടത്തിനെടുത്ത് കരിമ്പുകൃഷി നടത്തി കഴിഞ്ഞുവരികയായിരുന്നു സ്റ്റെല്ല മേരി. കഴിഞ്ഞദിവസം ഇവരുടെ കൃഷിയിടത്തിൽ കയറിയ ആനകളെ തുരത്തിയോടിക്കാൻ ഇവർ വെടിയുതിർത്തു. ഇതിനെത്തുടർന്ന് ചെറിയരീതിയിൽ കാടിന്റെ അരികിൽ തീപ്പിടിത്തമുണ്ടായി. ഇതിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്റ്റെല്ല കുടുങ്ങിയത്.

വെടിവെക്കാനുപയോഗിച്ച തോക്ക് എവിടെനിന്നു കിട്ടിയെന്നും വെടിവെക്കാൻ എവിടെനിന്നാണ് പഠിച്ചതെന്നുമുള്ള അന്വേഷണോദ്യോഗസ്ഥരുടെ ചോദ്യത്തിലാണ് വീരപ്പനുമായുള്ള ബന്ധം വെളിപ്പെടുത്തിയത്. സ്റ്റെല്ലയ്ക്ക് 14 വയസ്സുള്ളപ്പോൾ വീരപ്പൻ ബന്ദിയാക്കി കൊണ്ടുപോയതാണെന്നും പറഞ്ഞു. പിന്നീട് വീരപ്പന്റെ കൂട്ടാളിയായ വേലയൻ സ്റ്റെല്ലയെ വിവാഹം കഴിച്ചു. പ്രായപൂർത്തിയാകുന്നതിനു മുമ്പുനടന്ന വിവാഹത്തിനുശേഷം ഇവർ വീരപ്പന്റെ സംഘാംഗങ്ങൾക്കൊപ്പം ആയുധപരിശീലനം നേടി. വീരപ്പൻ തന്റെ പ്രവർത്തനങ്ങളിൽ ഇവരെ പങ്കാളിയാക്കിയിരുന്നു. 18 മാസം വീരപ്പൻസംഘത്തിനൊപ്പം ഇവർ കാട്ടിൽ കഴിഞ്ഞതായി പോലീസ് പറഞ്ഞു. 1993-ലെ പാലാർ ബോംബുസ്ഫോടനത്തിനുശേഷം അസുഖബാധിതനായി വേലയൻ മരിച്ചു. തുടർന്ന് സ്റ്റെല്ല നാട്ടിലേക്കുമടങ്ങി. പിന്നീട് ജാഗെരി സ്വദേശി വേലുസ്വാമി എന്നയാളെ വിവാഹംകഴിച്ച് കൃഷിഭൂമി കരാറെടുത്ത് കരിമ്പുകൃഷി നടത്തി കഴിയുകയായിരുന്നു.

Content Highlights: Veerappan's close aide Stella Mary arrested in Karnataka