മൈസൂരു: വനംകൊള്ളക്കാരന്‍ വീരപ്പന്റെ അനുയായി ശിവസ്വാമി (53) 25 വര്‍ഷങ്ങള്‍ക്കുശേഷം കര്‍ണാടക പോലീസിന്റെ പിടിയിലായി. കര്‍ണാടകത്തിലെ ചാമരാജനഗറിനോടുചേര്‍ന്നുള്ള, തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ സത്യമംഗലം താലൂക്കിലുള്ള ഡി.ജി. പുണ്ടുരു ഗ്രാമത്തില്‍നിന്നാണ് രാമപുര പോലീസ് ഇയാളെ പിടികൂടിയത്.

രാമപുര പോലീസ് സ്റ്റേഷന്‍ ആക്രമണം, പാലാര്‍ സ്‌ഫോടനക്കേസ് എന്നിവയടക്കം നാലുകേസുകള്‍ ഇയാള്‍ക്കെതിരേ നിലനില്‍ക്കുന്നുണ്ട്. സ്വദേശമായ പുണ്ടുരു ഗ്രാമത്തില്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം നെയ്ത്തുകാരനായി ജോലിചെയ്തുവരികയായിരുന്നു ഇയാള്‍. 2004-ല്‍ വീരപ്പനെ ദൗത്യസേന വധിച്ചശേഷം സഹായികളായ പലരും പിടിക്കപ്പെട്ടിരുന്നു. എന്നാല്‍, ശിവസ്വാമിയെമാത്രം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

1992 ഫെബ്രുവരിയില്‍ ചാമരാജനഗറിലെ ഹാനൂരിലുള്ള ക്വാറി ഉടമയായ എസ്. രാമയ്യയുടെ മകന്‍ രാമമൂര്‍ത്തിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് ഇയാള്‍ക്കെതിരേ കര്‍ണാടക പോലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. അതേവര്‍ഷം നവംബറില്‍ രാമപുര പോലീസ്സ്‌റ്റേഷന്‍ പരിധിയിലെ നെല്ലുരു ഗ്രാമത്തില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട കേസിലും ഇയാള്‍ പ്രതിയായിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ 25 വര്‍ഷങ്ങളായി കര്‍ണാടക പോലീസ് വിവിധ സംസ്ഥാനങ്ങളിലായി അന്വേഷണം നടത്തിവരികയായിരുന്നു.

വീരപ്പന്‍വേട്ടയ്ക്ക് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേകദൗത്യസംഘത്തിന്റെ തലവന്‍ കെ. ഗോപാലകൃഷ്ണനും സംഘത്തിനുംനേരേ പാലാറില്‍ 1993-ല്‍ വീരപ്പന്‍ നടത്തിയ ബോംബാക്രമണത്തിലും ശിവസ്വാമിക്കു പങ്കുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. സ്‌ഫോടനത്തില്‍ 22 പോലീസുകാരാണു കൊല്ലപ്പെട്ടത്.

ഒളിവില്‍പ്പോവുന്നതിനുമുമ്പ് ചാമരാജനഗറിലെ കൊല്ലേഗല്‍ താലൂക്കിലായിരുന്നു ശിവസ്വാമിയുടെ താമസം. അതേസമയം, ഇയാളുടെ രണ്ടു സഹോദരങ്ങള്‍ ഡി.ജി. പുണ്ടുരു ഗ്രാമത്തിലാണു താമസിച്ചിരുന്നത്. ബന്ധുക്കളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ ശിവസ്വാമിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി ഇയാളെ തങ്ങളുടെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.