വാരാണസി: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നു മരിച്ചവരുടെ എണ്ണം 18 ആയി. സംഭവവുമായി ബന്ധപ്പെട്ട് പാലം പണിയുടെ ചുമതലയുള്ള യു.പി. ബ്രിഡ്ജ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ പേരില്‍ കേസെടുത്തു. ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനടുത്തുള്ള മേല്‍പ്പാലത്തിന്റെ ഒരുഭാഗം തകര്‍ന്നത്. അന്‍പതോളം പേര്‍ പാലത്തിനടിയില്‍പ്പെട്ടിരുന്നു.

ബനാറസ് ഹിന്ദു സര്‍വകലാശാല ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കാന്‍ കൈക്കൂലിവാങ്ങിയതിന് ഒരാളെ അറസ്റ്റുചെയ്തു. ആശുപത്രിയിലെ തൂപ്പുകാരനാണ് അറസ്റ്റിലായത്.

മരിച്ചവരുടെ ബന്ധുക്കളില്‍നിന്ന് ഇയാള്‍ 200 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. പാലം തകരാനുണ്ടായ കാരണം അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മൂന്നംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്.