വാരാണസി: ഉത്തര്‍പ്രദേശിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് ആയിരം വിദ്യാര്‍ഥികളുടെ പേരില്‍ കേസെടുത്തു. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച സമരം ശനിയാഴ്ച രാത്രിയിലാണ് അക്രമാസക്തമായത്. സമരത്തിനിടെ ഒരു വിദ്യാര്‍ഥിനിയെ രണ്ട് പുരുഷപോലീസുകാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായിരുന്നു. സര്‍വകലാശാല സ്ഥിതിചെയ്യുന്ന വാരാണസി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമാണ്. വാരാണസി ഡിവിഷണല്‍ കമ്മിഷണറില്‍നിന്ന് റിപ്പോര്‍ട്ടാവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

സംഭവവത്തെക്കുറിച്ച് മോദിയും ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷായും മുഖ്യമന്ത്രിയോട് സംസാരിച്ചു. ഇതിനിടെ പ്രതിപക്ഷപാര്‍ട്ടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ രംഗത്തുവന്നു. എല്ലാ വിഷയങ്ങളിലും മോദി സംസാരിക്കുമെന്നും എന്നാല്‍, തന്റെ സ്വന്തം മണ്ഡലത്തില്‍ പെണ്‍കുട്ടികള്‍ക്കുനേരേയുണ്ടായ അക്രമത്തില്‍ അദ്ദേഹം തുടരുന്ന മൗനം ചോദ്യംചെയ്യപ്പെടേണ്ടതാണെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. വൈസ് ചാന്‍സലറെ നീക്കണമെന്നും സംഭവം സിറ്റിങ് ഹൈക്കോടതി ജഡ്ജി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശിക്ഷാനടപടിയെന്നനിലയില്‍ മൂന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാരെയും രണ്ട് പോലീസുകാരെയും നേരത്തേ വാരാണസിയില്‍നിന്ന് നീക്കിയിരുന്നു. കാമ്പസിലും പരിസരങ്ങളിലുമായി ആയിരത്തഞ്ഞൂറോളം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ഗാന്ധിജയന്തിദിനംവരെ സര്‍വകലാശാലയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സമരത്തില്‍ സാമൂഹികവിരുദ്ധര്‍ കടന്നുകയറിയിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ ആരോപിച്ചിരുന്നു. കാമ്പസില്‍വെച്ച് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയെ ബൈക്കുകളിലെത്തിയ സംഘം അപമാനിച്ചതില്‍ സര്‍വകലാശാല നടപടിയെടുത്തില്ലെന്നാരോപിച്ചായിരുന്നു സമരം.

'ഇത് നക്‌സല്‍ പ്രവര്‍ത്തനം'-സുബ്രഹ്മണ്യന്‍ സ്വാമി

സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ നക്‌സല്‍ പ്രവര്‍ത്തനമെന്നാണ് ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്. വിഷയത്തില്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറെ പിന്തുണയ്ക്കുന്നെന്നും സ്വാമി പറഞ്ഞു.