വാരാണസി: വാരാണസിയില്‍! നഗരസഭാ നടപടികള്‍ തുടങ്ങുന്നതിനുമുമ്പ് വന്ദേമാതരവും അവസാനിക്കുമ്പോള്‍ ദേശീയഗാനവും നിര്‍ബന്ധമാക്കാന്‍ മേയര്‍ രാംഗോപാല്‍ മൊഹാലെ ഉത്തരവിട്ടു. ബി.ജെ.പി.യാണ് നഗരസഭ ഭരിക്കുന്നത്.

സഭാനടപടികള്‍ തുടങ്ങുന്നത് വന്ദേമാതരത്തോടെയാകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. അംഗം അജയ് ഗുപ്ത ശനിയാഴ്ച പ്രമേയമവതരിപ്പിച്ചിരുന്നു. ഉടന്‍തന്നെ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടിയംഗങ്ങള്‍ ശക്തമായ പ്രതിഷേധവുമായെത്തി. ബി.എസ്.പി. അംഗങ്ങളും പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്നാണ് സഭ തുടങ്ങുന്നതിനുമുന്‍പ് വന്ദേമാതരവും സഭ അവസാനിക്കുമ്പോള്‍ ദേശീയഗാനവും നിര്‍ബന്ധമാക്കി മേയര്‍ ഉത്തരവിറക്കിയത്. സഭയില്‍ പ്രതിഷേധം നടത്തിയ പ്രതിപക്ഷാംഗങ്ങളുടെപേരില്‍ നടപടിയുണ്ടാകുമെന്നും മേയര്‍ പറഞ്ഞു.

സഭയില്‍ വന്ദേമാതരം പാടുന്നത് ദേശസ്‌നേഹവികാരം ഉയര്‍ത്തുമെന്നും മുന്‍പ് സഭയില്‍ വന്ദേമാതരം പാടിയിരുന്ന ചരിത്രമുണ്ടായിരുന്നുവെന്നും മേയര്‍ പറഞ്ഞു. വന്ദേമാതരത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍, ബി.ജെ.പി.ക്ക് അത് അടിച്ചേല്‍പ്പിക്കാനാവില്ലെന്നാണ് സമാജ്വാദി അംഗം രവികാന്ത് വിശ്വകര്‍മ പറയുന്നത്.

ഉത്തര്‍പ്രദേശിലെതന്നെ മീററ്റ് നഗരസഭയിലും വന്ദേമാതരം ആലപിക്കുന്നതിനെച്ചൊല്ലി പ്രശ്‌നങ്ങളുണ്ടായിരുന്നു. വന്ദേമാതരം ആലപിക്കുമ്പോള്‍ ഒരുവിഭാഗം മുസ്ലിം കൗണ്‍സിലര്‍മാര്‍ സഭവിട്ടുപോയി. തുടര്‍ന്ന്, ഇവരുടെ അംഗത്വം റദ്ദാക്കിയിരുന്നു.