ന്യൂഡല്‍ഹി: കോവിഡ് സാഹചര്യത്തില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തില്‍ എയര്‍ഇന്ത്യയുടെ ജീവനക്കാരെ നയിച്ച മലയാളി പടിയിറങ്ങുന്നു.

എയര്‍ഇന്ത്യയുടെ ഇന്‍ഫ്‌ളൈറ്റ് സര്‍വീസസിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മധു മാത്തനാണ് 28 വര്‍ഷത്തെ സേവനത്തിനുശേഷം വെള്ളിയാഴ്ച വിരമിക്കുന്നത്.

എയര്‍ഇന്ത്യയുടെ 4500 വരുന്ന ക്യാബിന്‍ ക്രൂവിനെയാണ് പത്തനംതിട്ട കോഴഞ്ചേരി ചിരക്കരോട്ട് വീട്ടില്‍ മധു മാത്തന്‍ കോവിഡ് പ്രതിസന്ധിയിലും നയിച്ചത്. കോവിഡ് അപകടകരമായ രീതിയില്‍ പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍നിന്ന് യാത്രക്കാരുമായി വരുന്നത് ശ്രമകരമായ ദൗത്യമായിരുന്നു. എന്നാല്‍, മധു മാത്തന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത് മികച്ച അനുഭവമായിരുന്നുവെന്ന് എയര്‍ഇന്ത്യയുടെ ചീഫ് ക്യാബിന്‍ ക്രൂവും മലയാളിയുമായ സാജു കുരുവിള പറഞ്ഞു.

എയര്‍ഇന്ത്യയുടെ എണ്ണായിരത്തിലേറെ വിമാനങ്ങളിലായി ഒമ്പതു ലക്ഷത്തിലേറെ ഇന്ത്യക്കാരെയാണ് വിദേശത്തുനിന്ന് നാട്ടിലെത്തിച്ചത്.

വിമാനജീവനക്കാര്‍ക്ക് ആവശ്യമായ പി.പി.ഇ. കിറ്റുകള്‍, മരുന്നുകള്‍, അവരുടെ ക്വാറന്റീന്‍ സൗകര്യം തുടങ്ങിയവയ്‌ക്കെല്ലാം മേല്‍നേട്ടം വഹിച്ചത് മധു മാത്തനാണ്.

എയര്‍ഇന്ത്യയുടെ ആയിരത്തോളം ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു.

1992-ല്‍ എയര്‍ഇന്ത്യയില്‍ ചേര്‍ന്ന മധു മാത്തന്‍ ദക്ഷിണ മേഖലാ സെയില്‍സ് മാനേജര്‍, ഓസ്ട്രേലിയയിലെ ജനറല്‍ മാനേജര്‍, ഡല്‍ഹി ആസ്ഥാനത്ത് മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.