ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ സഹായിയും ഗൾഫിലെ മലയാളി വ്യവസായിയുമായ സി.സി. തമ്പിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റു ചെയ്തു. വദ്രയുടെ സ്വത്തുമായി ബന്ധപ്പെട്ട കേസിൽ ഡല്‍ഹിയില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയശേഷമാണ് അറസ്റ്റുരേഖപ്പെടുത്തിയത്.

വദ്ര ബ്രിട്ടനില്‍ സ്വത്തുക്കള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം നടക്കുന്നുണ്ട്. അദ്ദേഹത്തില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമ്പിയെയും ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും മൊഴികളില്‍ വൈരുധ്യം കണ്ടതിനെത്തുടര്‍ന്ന് കുഴല്‍പ്പണം തടയല്‍ നിയമപ്രകാരം (പി.എം.എല്‍.എ) തമ്പിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയുമായും ഇദ്ദേഹത്തിന് അടുപ്പമുണ്ടെന്നാണ് അന്വേഷണോദ്യോഗസ്ഥർ പറയുന്നത്. ഭണ്ഡാരി എവിടെയാണുള്ളതെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് അറിയില്ല. റോബര്‍ട്ട് വദ്രയുമായി ബന്ധപ്പെട്ട കേസിനു പുറമെ, തമ്പി സ്വന്തംനിലയ്ക്കു സ്വത്തുക്കള്‍ വാങ്ങിയതും ഇ.ഡി. അന്വേഷിച്ചുവരികയായിരുന്നു. തൃശ്ശൂർ പെരുമ്പിലാവിനടുത്ത് കോട്ടോൽ സ്വദേശിയാണ് തമ്പി. മൂന്നു പതിറ്റാണ്ടോളമായി ഗൾഫിൽ വ്യവസായിയാണ്. യു.എ.ഇ.യിലെ അജ്മാന്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവർത്തനം.

Content Highlight:  Vadra's aide Malayali businessman CC Thampi arrested