ന്യൂഡൽഹി: കള്ളപ്പണംവെളുപ്പിക്കൽ കേസിൽ ജാമ്യത്തിൽക്കഴിയുന്ന റോബർട്ട് വദ്രയ്ക്ക്‌ വിദേശയാത്രയ്ക്ക് അനുമതി നൽകുന്നത്‌ സംബന്ധിച്ച് ഡൽഹികോടതി ജൂൺ മൂന്നിന് ഉത്തരവിറക്കും. കേസിൽ ചോദ്യംചെയ്യലിന്‌ ഹാജരാവാൻ ആവശ്യപ്പെട്ട് വദ്രയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പുതിയ സമൻസയച്ചു. വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് ഡൽഹിയിലെ ഓഫീസിലെത്താനാണ്‌ നിർദേശം.

വൻകുടലിൽ മുഴയുണ്ടെന്നും അതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വിദേശത്തുപോകണമെന്നും കാട്ടിയുള്ള വദ്രയുടെ അപേക്ഷയെ ഇ.ഡി. കോടതിയിൽ എതിർത്തു. അന്വേഷണം നിർണായകഘട്ടത്തിലാണെന്നും ഈസാഹചര്യത്തിൽ വിദേശത്തുപോകാൻ അനുമതി നൽകരുതെന്നും ഇ.ഡി. ആവശ്യപ്പെട്ടു. ഗുരുതര കുറ്റംചെയ്ത വദ്രയെ കസ്റ്റഡിയിൽ ചോദ്യംചെയ്യണം. വിദേശത്തുപോയാൽ വദ്ര രക്ഷപ്പെടാൻ സാധ്യതയുണ്ട്. പതിവ്‌ വൈദ്യപരിശോധനമാത്രമാണ് വദ്രയ്ക്ക് ആവശ്യമുള്ളതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇ.ഡി.ക്കുവേണ്ടി വാദിച്ചു. ലണ്ടനിലുള്ള ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയുമായി വദ്രയ്ക്ക്‌ ബന്ധമുണ്ടെന്ന് മേത്ത പറഞ്ഞു.

മെഡിക്കൽ റിപ്പോർട്ടുപ്രകാരം വദ്രയുടെ വൻകുടലിൽ ചെറിയൊരു മുഴയുണ്ടെന്ന് മുതിർന്ന അഭിഭാഷകനായ കെ.ടി.എസ്. തുളസി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് ലണ്ടനിൽനിന്ന് വിദഗ്ധോപദേശം തേടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടനിൽ കെട്ടിടംവാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടിൽ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് വദ്രയുടെ പേരിലുള്ള കേസ്. വിവിധ നിബന്ധനകളോടെയാണ് ഏപ്രിൽ ഒന്നിന് അദ്ദേഹത്തിന് മുൻകൂർജാമ്യം അനുവദിച്ചത്. മുൻകൂർ അനുമതിയില്ലാതെ വിദേശത്തുപോകരുതെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. വദ്രയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നുകാട്ടി ഇ.ഡി. നൽകിയ ഹർജി ഹൈക്കോടതിക്ക്‌ മുമ്പാകെയുണ്ട്. അതിനിടെയാണ് ചികിത്സയുമായി ബന്ധപ്പെട്ട് വിദേശത്തുപോകാൻ വദ്ര അനുമതിതേടിയത്.

ലണ്ടനിലെ ബ്രയാൻസ്റ്റൺ സ്ക്വയറിൽ ഏതാണ്ട് 170 കോടി രൂപയുടെ കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ട കള്ളപ്പണംവെളുപ്പിക്കൽ കേസാണ് അന്വേഷിക്കുന്നത്. ഇതിൽ ഒരുഡസനിലേറെ തവണ വദ്രയെ ഇ.ഡി. ചോദ്യംചെയ്തിരുന്നു.