ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ ഡോസ് വിതരണം അടുത്തയാഴ്ച 100 കോടിയിലെത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു.

രണ്ടുമുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകുന്നതു സംബന്ധിച്ച് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ.) അന്തിമ അനുമതി ലഭിച്ചാലുടൻ തീരുമാനമെടുക്കുമെന്നും മന്ത്രി മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഇന്ത്യയുടെ കോവിഡ് വാക്സിൻ ഉത്‌പാദനവും വാക്സിൻ വിതരണവും ലോകത്തിനാകെ മാതൃകയായിരിക്കുകയാണ്. ഈ മാസം 18, 19 തീയതികളോടെ വാക്സിൻ വിതരണം 100 കോടിയിൽ എത്തും. രാജ്യത്തെ ജനങ്ങൾക്ക് പൂർണമായും വിതരണം ചെയ്തുകഴിഞ്ഞാൽമാത്രമേ വാക്സിൻ കയറ്റുമതിയെക്കുറിച്ച് ചിന്തിക്കുകയുള്ളൂ. വർഷത്തിന്റെ നാലാംപാദത്തിൽ കയറ്റുമതി ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് വാക്സിൻ നിർമാണവും വർധിപ്പിച്ചിട്ടുണ്ട്. ഒക്ടോബറിൽ 28 കോടി ഡോസ് കോവിഡ് വാക്സിൻ ഇന്ത്യയിൽ നിർമിച്ചു. 22 കോടി കോവിഷീൽഡ് ഡോസും ആറുകോടി കോവാക്സിൻ ഡോസുമാണ് നിർമിച്ചത്. പല സംസ്ഥാനങ്ങളും 60 ശതമാനത്തിൽ കൂടുതൽ വാക്സിൻ വിതരണം നടത്തിയിട്ടുണ്ട്.

വാക്സിനുകളുടെ കാര്യത്തിൽ രാഷ്ട്രീയതീരുമാനങ്ങളില്ല. വിദഗ്ധസമിതിയുടെയും സാങ്കേതിക സമിതിയുടെയും ശുപാർശകളാണ് സർക്കാർ അടിസ്ഥാനമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കോവിഡിന്റെ മൂന്നാംതരംഗം നേരിടാൻ സർക്കാർ തയ്യാറാണ്. ബൂസ്റ്റർ ഡോസിന്റെ ഉപയോഗത്തെക്കുറിച്ച് രാജ്യത്ത് ഇതുവരെ വിദഗ്ധ ഉപദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. അതിനാൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ആദ്യത്തെ അടച്ചിടൽ കാലംമുതൽ കോവിഡ് മാനദണ്ഡങ്ങൾ നിലവിലുണ്ട്. ഇതു സംസ്ഥാനങ്ങളാണ് നടപ്പാക്കേണ്ടതെന്നും മൻസുഖ് മാണ്ഡവ്യ പറഞ്ഞു.