ന്യൂഡൽഹി: കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ, ‘സൈക്കോവ്-ഡി’ രാജ്യത്തെ കുത്തിവെപ്പുപരിപാടിയിൽ ഉൾപ്പെടുത്തുന്നകാര്യം അടുത്തയാഴ്ച ചേരുന്ന വാക്‌സിൻ ഉന്നതകാര്യസമിതി തീരുമാനിക്കും.

സൈഡസ് കാഡില കമ്പനിയും ബയോടെക്‌നോളജി വകുപ്പും ചേർന്ന് വികസിപ്പിച്ചതാണ് ഈ വാക്സിൻ. ഡ്രഗ് കൺട്രോൾ അതോറിറ്റി കഴിഞ്ഞമാസമാണ് ഇതിന്റെ അടിയന്തര ഉപയോഗത്തിന് പച്ചക്കൊടികാട്ടിയത്.

കുത്തിവെപ്പു പരിപാടിയിൽ ഉൾപ്പെടുത്തുന്നതോടെ 12 വയസ്സിനു മുകളിലുള്ളവർക്ക് അത് നൽകിത്തുടങ്ങും. മൂന്നു ഡോസുകളായി കുത്തിവെക്കേണ്ട വാക്‌സിനാണിത്. രണ്ടാമത്തെ ഡോസ് 28-ാം ദിവസവും മൂന്നാമത്തെ ഡോസ് 56-ാം ദിവസവും സ്വീകരിക്കണം. അനുബന്ധരോഗങ്ങളുള്ള കുട്ടികൾക്കാണ് മുൻഗണന.

സൈഡസ് കാഡിലയിൽനിന്ന് ഒരുകോടി ഡോസ് വാക്സിൻ ഉടനെ സർക്കാരിനു ലഭിക്കും. കുട്ടികൾക്ക് സ്വീകരിക്കാവുന്ന കോവാക്സിനിന്റെ പരീക്ഷണം അന്തിമഘട്ടത്തിലാണ്. അതിനുകൂടി അംഗീകാരം നൽകി വാക്സിൻ പരിപാടിയിൽ ഉൾപ്പെടുത്തുന്നതോടെ 18 വയസ്സിൽ താഴെയുള്ളവരുടെ വാക്സിനേഷൻ ഊർജിതമാകും.