കൊൽക്കത്ത: പൗരത്വനിയമ ഭേദഗതി നടപ്പാക്കലും രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്ററുണ്ടാക്കലും ഇപ്പോൾ സർക്കാരിന്റെ മുൻഗണനപ്പട്ടികയില്ലെന്ന് സൂചിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമബംഗാളിലെ ബീർഭും ജില്ലയിൽ വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരംപറയുകയായിരുന്നു അദ്ദേഹം.

‘സി.എ.എ.യുടെ ചട്ടങ്ങൾ ഇനിയുമുണ്ടാക്കിയിട്ടില്ല. കൊറോണ വൈറസ് കാരണം ഇങ്ങനൊരു വിപുലമായ കാര്യം ചെയ്യാൻ കഴിയില്ല. കോവിഡ് പ്രതിരോധ കുത്തിവെപ്പിനും അണുബാധയുടെ ചങ്ങല പൊട്ടിച്ചതിനുംശേഷം ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കും’- ഷാ പറഞ്ഞു. വാക്‌സിനേഷൻ പൂർത്തിയാക്കിയിട്ടേ സി.എ.എ., എൻ.ആർ.സി. നടപ്പാക്കൽ പരിഗണിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

content highlights: vaccination first then caa and nrc - says amit shah