ന്യൂഡൽഹി: പ്രകൃതി പലവട്ടം ദുരന്തംവിതച്ച മേഖലയിലാണ് ഞായറാഴ്ച മഞ്ഞുമലയുരുകി ഗ്രാമങ്ങളെയും മനുഷ്യരെയും വിഴുങ്ങിയത്. 2013-ൽ വൻദുരന്തം വിതച്ചെത്തിയ പ്രളയവും അതിനുശേഷം പലവട്ടം ഉണ്ടായ പ്രകൃതിക്ഷോഭങ്ങളും മറക്കുംമുമ്പാണ് ഈ പ്രദേശങ്ങളെ മഞ്ഞുമല കീഴടക്കിയത്. ചമോലി ജില്ലയിലെ ജോഷിമഠിലും തപോവനിലുമാണ് ദുരന്തമുണ്ടായത്. എന്നാൽ, തീർഥാടനകാലമല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി.

ഞായറാഴ്ച മഞ്ഞുമലയിടിഞ്ഞ ജോഷിമഠിൽനിന്ന് 10 കിലോമീറ്റർ ദൂരെയാണ് പ്രധാന തീർഥാടനകേന്ദ്രമായ ബദരീനാഥ്. ബദരീനാഥിലും പരിസരത്തും പ്രശ്നങ്ങളുണ്ടായില്ല. ബദരീനാഥിന് മുകൾത്തട്ടിലുള്ള തപോവനിലാണ് മഞ്ഞുമലയിടിച്ചിൽ വൻദുരന്തമുണ്ടാക്കിയത്. എൻ.ടി.പി.സി.യുടെ ജലവൈദ്യുതപദ്ധതി തപോവനിലായിരുന്നു ഉണ്ടായിരുന്നത്. കുത്തൊഴുക്കിൽ ഈ ജലവൈദ്യുതപദ്ധതി തകർന്നു. ഗംഗയുടെ കൈവഴിയായ ധൗലിഗംഗയിൽ ജലനിരപ്പ് എല്ലാ റെക്കോഡുകളും ഭേദിച്ചുയർന്നു എന്നാണ് കേന്ദ്ര ജലകമ്മിഷൻ റിപ്പോർട്ട്.

തീർഥാടന സീസണിൽ ആയിരക്കണക്കിന് തീർഥാടകർ യാത്രചെയ്യുന്ന സ്ഥലങ്ങളിലാണ് ദുരന്തമുണ്ടായിരിക്കുന്നത്. ഛോട്ടാ ചാർധാം എന്ന് വിളിക്കുന്ന യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് തീർഥാടനത്തിന് തീർഥാടകർ സഞ്ചരിക്കുന്ന വഴികളാണ് ഇവയിൽ പലതും. പ്രധാന തീർഥാടന കാലമല്ലാത്തതിനാൽ വൻദുരന്തം ഒഴിവായെന്നും ബദരീനാഥ് ക്ഷേത്രത്തിലെ മുഖ്യപൂജാരി (റാവൽ)ഈശ്വർ പ്രസാദ് നമ്പൂതിരി മാധ്യമങ്ങളോട് പറഞ്ഞു.

ടിബറ്റുമായി അതിർത്തിപങ്കിടുന്ന ചമോലി ജില്ലയിലാണ് ഈ തീർഥാടന കേന്ദ്രങ്ങളുള്ളത്. ഹരിദ്വാറിൽനിന്ന് പുറപ്പെട്ടാൽ ഹൃഷികേശ്, ദേവപ്രയാഗ്, ശ്രീനഗർ, രുദ്രപ്രയാഗ്, കർണപ്രയാഗ്, നന്ദപ്രയാഗ് തുടങ്ങിയവ പിന്നിട്ടാണ് ജോഷിമഠിലെത്തുന്നത്. ഹരിദ്വാറിൽനിന്ന് റോഡ്മാർഗം പത്തുമണിക്കൂർ വേണം ജോഷിമഠിലെത്താൻ.

ചമോലി ജില്ലയുടെ വടക്കുഭാഗത്ത് ടിബറ്റാണുള്ളത്. പിതോരഗഡും ബഗേശ്വറും കിഴക്കുഭാഗത്തും അൽമോറ വടക്കുഭാഗത്തും രുദ്രപ്രയാഗ് പടിഞ്ഞാറുഭാഗത്തും ഉത്തരകാശി വടക്കുപടിഞ്ഞാറുമാണ്‌. ഗോപേശ്വറാണ് ജില്ലാആസ്ഥാനം. വനസംരക്ഷണത്തിനായി 1973-ൽ ലോകപ്രശസ്തമായ ചിപ്‌കോ പ്രസ്ഥാനം ആരംഭിച്ചത് ചമോലി ജില്ലയിലാണ്.