ന്യൂഡൽഹി: പോലീസ് കസ്റ്റഡിയിൽ മരിച്ച വാല്മീകി വിഭാഗത്തിൽപ്പെട്ട യുവാവിന്റെ കുടുംബത്തെ കാണാൻ ആഗ്രയിലേക്ക് പുറപ്പെട്ട കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ തടഞ്ഞ് ഉത്തർപ്രദേശ് പോലീസ്. കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടി പോലീസുമായി ഉന്തും തള്ളുമായതോടെ ഒടുവിൽ പോകാനനുവദിച്ചു.

വാല്മീകി ജയന്തിദിനത്തിൽ ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് ഹൈവേയിലാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. ലഖ്‌നൗവിൽനിന്നു പുറത്തുപോകാൻ തനിക്കെപ്പോഴും അനുമതിയുടെ ആവശ്യമുണ്ടോയെന്ന് പ്രിയങ്ക ചോദിച്ചു. താൻ എവിടെപ്പോയാലും യു.പി. പോലീസ് തടയുന്നുവെന്നും പ്രിയങ്ക പരിഹസിച്ചു. മരിച്ചയാളുടെ വീട്ടിൽ പോകുന്നതിൽ എന്താണ് ക്രമസമാധാനപ്രശ്നമുള്ളതെന്നും പ്രിയങ്ക പോലീസിനോട് ചോദിച്ചു.

മോഷണവസ്തുക്കൾ സൂക്ഷിക്കുന്ന ആഗ്ര ജഗ്ദിഷ് പുര പോലീസ് സ്റ്റേഷനിൽനിന്ന് 25 ലക്ഷം രൂപ മോഷ്ടിച്ചു എന്നാരോപിച്ച് ചൊവ്വാഴ്ച രാത്രിയാണ് അവിടെ ശുചീകരണത്തൊഴിലാളിയായ അരുൺ വാല്മീകി എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച പണം കണ്ടെത്താൻ വീട്ടിൽ റെയ്ഡ് നടത്തുന്നതിനിടയിൽ അരുൺ കുഴഞ്ഞുവീണതായും ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചു എന്നുമാണ് പോലീസ് ഭാഷ്യം. അരുണിന്റെ വീട്ടിൽനിന്ന് 15 ലക്ഷം കണ്ടെടുത്തതായും പോലീസ് പറയുന്നു.

മോഷണവുമായി ബന്ധപ്പെട്ട് നേരത്തേ ആറ്‌ പോലീസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലായിരുന്നു. കഴിഞ്ഞ മാസം കാൻപുരിലെ ബിസിനസുകാരനായ 36-കാരനും പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ സുതാര്യവും സത്യസന്ധവുമായ അന്വേഷണം ആവശ്യപ്പെട്ട് വാല്‌മീകി ജയന്തി ആഘോഷിക്കാതെ വാല്മീകി സമുദായക്കാർ പ്രതിഷേധം ആചരിക്കുന്നതിനിടയിലാണ് പ്രിയങ്ക ആഗ്രയിലേക്ക് പുറപ്പെട്ടത്.

യു.പി.സി.സി. പ്രസിഡന്റ് അജയ് കുമാർ ലല്ലു, മുതിർന്ന നേതാവ് ആചാര്യ പ്രമോദ് കൃഷ്ണൻ എന്നിവരുമടക്കം നാലുപേർക്ക് മാത്രമായിരുന്നു അനുമതി. വൻജനക്കൂട്ടം ഉണ്ടായതിനാലും ഗതാഗതം മുടങ്ങിയതിനാലും ക്രമസമാധാനം മുൻനിർത്തി അവരോട് പാർട്ടി ഓഫീസിലെക്കോ വീട്ടിലെക്കോ പോകാൻ ആവശ്യപ്പെടുക മാത്രമായിരുന്നുവെന്ന് ലഖ്‌നൗ പോലീസ് കമ്മിഷണർ ഡി.കെ. താക്കൂർ പറഞ്ഞു.

content highlights: uttar pradesh police blocks priyanka gandhi