ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച കാറിൽ ട്രക്കിടിച്ച് അപകടമുണ്ടായ സംഭവത്തിൽ പാർലമെന്റിൽ തുടർച്ചയായ രണ്ടാംദിവസവും പ്രതിപക്ഷബഹളം.

ആഭ്യന്തരമന്ത്രി വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിൽ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. 40 മിനിറ്റോളം പ്രതിഷേധമുയർത്തിയ പ്രതിപക്ഷാംഗങ്ങൾ തുടർന്ന് സഭയിൽനിന്ന് ഇറങ്ങിപ്പോയി.

ചൊവ്വാഴ്ച ലോക്‌സഭ സമ്മേളിച്ചപ്പോൾത്തന്നെ പ്രതിഷേധമുയർന്നു. കോൺഗ്രസ് കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരിയും ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. രാജ്യത്തെ ജനങ്ങൾ ലജ്ജിച്ച് തലതാഴ്‌ത്തേണ്ട അവസ്ഥയാണെന്ന് ചൗധരി പറഞ്ഞു. ഇരയായ പെൺകുട്ടിക്കും കുടുംബത്തിനും ആവശ്യമായ സുരക്ഷ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉന്നാവോ അപകടം രാഷ്ട്രീയവത്‌കരിക്കേണ്ടതില്ലെന്നും സംഭവത്തിൽ സി.ബി.ഐ. അന്വേഷണം നടക്കുകയാണെന്നും പാർലമെന്ററികാര്യമന്ത്രി പ്രൾഹാദ് ജോഷി സഭയിൽ മറുപടി നൽകി. കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പക്ഷപാതരഹിതമായ അന്വേഷണമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

അപകടമുണ്ടാക്കിയ ട്രക്ക് സമാജ്‌വാദി പാർട്ടി പ്രവർത്തകന്റേതാണെന്ന് ഗ്രാമീണ വികസന സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി പറഞ്ഞത് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയാക്കി. നടുത്തളത്തിലിറങ്ങി പ്രതിപക്ഷം ബഹളംതുടരവേ സ്പീക്കർ ഉപഭോക്തൃ സംരക്ഷണ ബിൽ ചർച്ചയ്ക്കെടുത്തു. ബില്ലിൽ ചർച്ച ആരംഭിച്ചിട്ടും പ്രതിപക്ഷം പിന്മാറിയില്ല. തുടർന്ന് അധ്യക്ഷക്കസേരയിലെത്തിയ മീനാക്ഷി ലേഖി, അധീർ രഞ്ജൻ ചൗധരിക്ക് സംസാരിക്കാൻ അവസരം നൽകി. പ്രതിപക്ഷം ക്രിയാത്മകമായി പ്രവർത്തിക്കണമെന്നും വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നും മീനാക്ഷി ലേഖി പറഞ്ഞത് വീണ്ടും ബഹളത്തിനിടയാക്കി.

ഇവരോടൊപ്പം സഭ വിടാതിരുന്ന തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ ഉന്നാവോ വിഷയത്തിൽ സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പിന്നീട് സഭയിൽനിന്ന് ഇറങ്ങിപ്പോയി. ഇതേവിഷയത്തിൽ രാജ്യസഭയിലും പ്രതിപക്ഷ കക്ഷികൾ പ്രതിഷേധിച്ചു. രാവിലെ പ്രതിപക്ഷാംഗങ്ങൾ പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. കോൺഗ്രസ്, ഡി.എം.കെ., എസ്.പി., ബി.എസ്.പി., സി.പി.ഐ., സി.പി.എം. അംഗങ്ങൾ പങ്കെടുത്തു.

Content Highlights: Uproar in parliament over Unnao case