ന്യൂഡൽഹി: ഉത്തർപ്രദേശും പഞ്ചാബും ഉൾപ്പെടെ അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി പത്തുമുതൽ മാർച്ച് ഏഴുവരെ വിവിധ ഘട്ടങ്ങളിലായി നടക്കും. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.

യു.പി.യിൽ ഏഴുഘട്ടമായാണ് വോട്ടെടുപ്പ്. മണിപ്പുരിൽ രണ്ടുഘട്ടം. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിൽ ഒറ്റദിവസത്തെ വോട്ടെടുപ്പുമാത്രം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 15 വരെ എല്ലായിടത്തും റാലികൾ, പൊതുയോഗങ്ങൾ, റോഡ് ഷോ തുടങ്ങിയവയ്ക്ക് തിരഞ്ഞെടുപ്പുകമ്മിഷൻ വിലക്കേർപ്പെടുത്തി. ആദ്യമായാണ് തിരഞ്ഞെടുപ്പുവേളയിൽ പൊതുയോഗങ്ങളും റോഡ് ഷോയും റാലികളും പാടില്ലെന്ന താത്‌കാലികവിലക്ക്് കമ്മിഷന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ഇക്കാര്യത്തിൽ തുടർതീരുമാനമുണ്ടാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുശിൽ ചന്ദ്ര വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദേശീയതലത്തിൽത്തന്നെ വലിയ രാഷ്ട്രീയപ്രാധാന്യമുള്ള നിയമസഭാ തിരഞ്ഞെടുപ്പുകൾക്കാണ് അരങ്ങൊരുങ്ങുന്നത്. 2024-ലെ പൊതുതിരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്നാണ്‌ വിശേഷണം. ഇതിൽ ഏറ്റവും ശ്രദ്ധേയം കനത്ത പോരാട്ടത്തിന് വേദിയാകുന്ന ഉത്തർപ്രദേശാണ്. യു.പി.ക്കുപുറമേ ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നിവിടങ്ങളിലും ബി.ജെ.പി.യാണ് അധികാരത്തിൽ. ഭരണത്തുടർച്ചയെന്നത് അവരെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്നമാണ്‌. പഞ്ചാബിൽ വൻകുഴപ്പങ്ങൾ നേരിടുന്ന കോൺഗ്രസ് സർക്കാരും ഭരണത്തുടർച്ചയ്ക്കായി കിണഞ്ഞുപൊരുതുമെന്നുറപ്പ്. കർഷകസമരം, ലഖിംപുർ ഖേരി സംഭവം, അയോധ്യയിലെ രാമക്ഷേത്രനിർമാണം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ പ്രചാരണരംഗത്തെ സജീവമാക്കും.

അഞ്ചുസംസ്ഥാനങ്ങളിലുംകൂടി 18.34 കോടി വോട്ടർമാരുണ്ട്. സ്ത്രീവോട്ടർമാരുടെ എണ്ണം 8.55 കോടിയാണ്. യു.പി.യിൽ വനിതാവോട്ടർമാരുടെ എണ്ണം 29 ശതമാനവും പഞ്ചാബിൽ 24 ശതമാനവും കൂടി. ആദ്യമായി വോട്ടവകാശംലഭിച്ച, 18-നുമുകളിലുള്ള വനിതകൾ 24.9 ലക്ഷമാണ്. സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഓരോ മണ്ഡലത്തിലും ഒരു ബൂത്ത്്് പൂർണമായും കൈകാര്യംചെയ്യുക സ്ത്രീകളായിരിക്കും. അംഗപരിമിതർമാത്രം കൈകാര്യംചെയ്യുന്ന ഒരു പോളിങ് സ്റ്റേഷനും ഇക്കുറിയുണ്ടാവും. ഒരുലക്ഷത്തോളം പോളിങ് സ്റ്റേഷനുകളിലെ നടപടിക്രമങ്ങൾ വെബ്കാസ്റ്റിങ്ങിലൂടെ നിരീക്ഷിക്കും.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്‌ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവും കേന്ദ്രബജറ്റും അതോടനുബന്ധിച്ചുള്ള പ്രഖ്യാപനങ്ങളും വരുന്നതിനാൽ എല്ലാ പാർട്ടികൾക്കും തുല്യപങ്കാളിത്തം എന്ന സങ്കല്പം നഷ്ടപ്പെടുമോ എന്ന ചോദ്യത്തിന്, ബജറ്റ് ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും തുല്യപങ്കാളിത്തവുമായി അതിന് ബന്ധമില്ലെന്നും സുശിൽ ചന്ദ്ര മറുപടി പറഞ്ഞു. പഞ്ചാബിലെ ക്രമസമാധാനനിലയുംമറ്റും പ്രത്യേകം പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജനവിധി-2022 ഒറ്റനോട്ടത്തിൽ

യു.പി.(403 സീറ്റ്) ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് മൂന്ന്, ഏഴ് ഏഴുഘട്ടം

പഞ്ചാബ്(117 സീറ്റ്) ഫെബ്രുവരി 14 ഒറ്റഘട്ടം

ഉത്തരാഖണ്ഡ്(70)

ഗോവ(40)

മണിപ്പുർ(60) ഫെബ്രുവരി 27, മാർച്ച് മൂന്ന് രണ്ടുഘട്ടം

content highlights:up, punjab, manipur, goa, uttarakhand state poll date announced