ബെംഗളൂരു: ഗാസിയാബാദിൽ വയോധികനെ അക്രമിച്ചതുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിച്ച കേസിൽ പോലീസിനുമുമ്പിൽ ഹാജരാകാതെ ട്വിറ്റർ ഇന്ത്യ മാനേജിങ് ഡയറക്ടർ മനീഷ് മഹേശ്വരി ഒളിച്ചുകളിക്കുകയാണെന്ന് കർണാടക ഹൈക്കോടതിയിൽ ഉത്തർ പ്രദേശ് പോലീസ്. ഈ കേസിൽ നേരിട്ടു ഹാജരാകാൻ മനീഷ് മഹേശ്വരിയ്ക്ക് ഗാസിയാബാദ് ലോനി ബോർഡർ പോലീസ് നോട്ടീസ് അയച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് അദ്ദേഹം കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ വാദത്തിനിടെയാണ് യു.പി. പോലീസിനുവേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഈ ആരോപണമുന്നയിച്ചത്.

മനീഷ് മഹേശ്വരി ട്വിറ്റർ ഇന്ത്യയുടെ തലവനാണെന്നും അദ്ദേഹം പോലീസിനുമുമ്പിൽ ഹാജരാകണമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി. മനീഷ് മഹേശ്വരി ട്വിറ്ററിന്റെ ഒരു ജീവനക്കാരൻ മാത്രമാണെന്ന് നേരത്തെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. അങ്ങനെയെങ്കിൽ മനീഷ് മഹേശ്വരി പോലീസിനു മുമ്പിൽ ഹാജരായി ട്വിറ്റർ എം.ഡി.യല്ലെന്ന് വ്യക്തമാക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. ഇരുഭാഗത്തെയും വാദം കേട്ട കോടതി വിധിപറയാനായി കേസ് ജൂലായ് 13-ലേക്ക് മാറ്റി.

ഗാസിയാബാദിൽ അബ്ദുൾ സമദ് സൈഫി എന്നയാളെ ഏതാനും യുവാക്കൾ ചേർന്ന് അക്രമിക്കുന്നതിന്റെയും ജയ് ശ്രീരാം വിളിക്കാൻ നിർബന്ധിക്കുന്നതിന്റെയും വീഡിയോ ട്വിറ്ററിൽ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗാസിയാബാദ് പോലീസ് എടുത്ത കേസിലാണ് മനീഷ് മഹേശ്വരിയോട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസയച്ചത്. തെറ്റിദ്ധാരണപരത്തുന്ന വീഡിയോ പ്രചരിച്ചത് സമൂഹത്തിൽ സ്പർധയുണ്ടാകാനിടയായെന്നാണ് പോലീസിന്റെ ആരോപണം.

ബെംഗളൂരുവിലുള്ള മനീഷ് മഹേശ്വരി നേരിട്ടുഹാജരാകാൻ പ്രയാസമുണ്ടെന്നും വീഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ തയ്യാറാണെന്നും അറിയിച്ചെങ്കിലും പോലീസ് അതിന് അനുവാദം നൽകിയില്ല. തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. ഗാസിയാബാദ് പോലീസിന്റെ അധികാര പരിധിക്കു പുറത്തുള്ളയാളോട് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയത് നിയമപരമായി സാധുവല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.