സൂര്യകുമാര്‍ ശുക്ലലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ലഖ്‌നൗവില്‍ ഹിന്ദുസംഘടനകള്‍ നടത്തിയ യോഗത്തില്‍ ഉത്തര്‍പ്രദേശിലെ പോലീസ് ഉന്നതന്‍ പങ്കെടുത്ത് പ്രതിജ്ഞചൊല്ലിയത് വിവാദമായി.

ഐ.പി.എസ്. ഉദ്യോഗസ്ഥനും സംസ്ഥാന ആഭ്യന്തര സുരക്ഷാവിഭാഗം ഡയറക്ടര്‍ ജനറലുമായ സൂര്യകുമാര്‍ ശുക്ലയ്‌ക്കെതിരേയാണ് പരാതിയുയര്‍ന്നത്. ക്ഷേത്രം ഉടന്‍ ഉയരണമെന്ന പ്രമേയം പാസാക്കിയ യോഗത്തില്‍ ഇദ്ദേഹം പ്രതിജ്ഞയെടുക്കുന്ന ദൃശ്യം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് രാഷ്ട്രീയവിവാദമായത്. ജനുവരി 28-ന് അഖിലഭാരതീയ സമഗ്ര വിചാര്‍മഞ്ച് എന്ന ഹിന്ദുസംഘടന നടത്തിയ പരിപാടിയിലാണ് പോലീസ് ഡി.ജി. പങ്കെടുത്തത്. ലഖ്‌നൗ സര്‍വകലാശാല കാമ്പസിലെ സര്‍ക്കാര്‍ പൊതുമരാമത്ത് വിഭാഗം ഹാളിലായിരുന്നു പരിപാടി. 'നമ്മള്‍ എല്ലാവരും രാമഭക്തന്മാരാണ്. രാമക്ഷേത്രം എത്രയും പെട്ടെന്ന് നിര്‍മിക്കണമെന്ന് ഇതിനാല്‍ ആവശ്യപ്പെടുന്നു'' -എന്നായിരുന്നു പ്രതിജ്ഞയിലെ വാചകം.

1982 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ ശുക്‌ള അടുത്തവര്‍ഷം സര്‍വീസില്‍നിന്ന് വിരമിക്കും. മാധ്യമങ്ങള്‍ വിഷയം ചര്‍ച്ചയാക്കിയതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. 'രാമക്ഷേത്ര വിഷയം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതാണെങ്കിലും അമ്പലം പണിയാന്‍ സമവായം വേണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ട്. സമവായം ലക്ഷ്യമിട്ട് നടന്ന ചടങ്ങായിരുന്നു അത്. രണ്ടു സമുദായങ്ങള്‍ തമ്മില്‍ യോജിച്ച് രാമക്ഷേത്രം നിര്‍മിക്കണമെന്നാണ് ചടങ്ങില്‍ ആവശ്യമുയര്‍ന്നത്. എന്റെ സാന്നിധ്യം മാധ്യമങ്ങള്‍ തെറ്റിദ്ധരിച്ചു. അതൊരു ചര്‍ച്ചാവേദി മാത്രമായിരുന്നു' -ശുക്ല വ്യക്തമാക്കി.

എന്നാല്‍, ബാബ്‌റി മസ്ജിദ് പോലൊരു കേസില്‍ സര്‍വീസിലുള്ള ഉന്നതപോലീസുദ്യോഗസ്ഥന്‍ ഒരു വിഭാഗത്തിന് പിന്തുണയുമായി ചടങ്ങില്‍ പങ്കെടുത്തത് സര്‍വീസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന വിമര്‍ശവുമായി പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്.