കാന്‍പുര്‍: ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ പത്രപ്രവര്‍ത്തകനെ അജ്ഞാതസംഘം വെടിവെച്ചുകൊന്നു. ബില്‍ഹോറില്‍വെച്ച് ബൈക്കുകളിലെത്തിയ നാലുപേരാണ് വെടിയുതിര്‍ത്തത്. നവീന്‍ ഗുപ്തയാണ് കൊല്ലപ്പെട്ടത്. ആസ്​പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കേസ് അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസിനോട് നിര്‍ദേശിച്ചതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി അവനിഷ് അവസ്തി വ്യക്തമാക്കി. എട്ടുവര്‍ഷമായി ഹിന്ദി ദിനപത്രമായ 'ഹിന്ദുസ്ഥാന്റെ' ലേഖകനാണ് നവീന്‍. വൈരാഗ്യമാകാം കൊലയുടെ കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ഈമാസം രാജ്യത്ത് കൊല്ലപ്പെടുന്ന രണ്ടാം മാധ്യമപ്രവര്‍ത്തകനാണ് നവീന്‍. നവംബര്‍ 22-ന് ത്രിപുരയില്‍വെച്ച് മാധ്യമപ്രവര്‍ത്തകനായ സുദിപ് ദത്ത ഭൗമിക് സുരക്ഷാസൈനികന്റെ വെടിയേറ്റുമരിച്ചു.