ഹപുർ: ഉത്തർപ്രദേശിലെ ഹപുർ ജില്ലക്കാരനായ ഷമീമിനു വൈദ്യുതി ബിൽ കണ്ട് ഹൃദയാഘാതമുണ്ടായില്ലെന്നേയുള്ളൂ.
ഒരു മാസത്തെ വൈദ്യുതി ഉപയോഗത്തിന് എഴുപതുകാരനായ ഷമീമിനു ലഭിച്ച ബിൽ 128 കോടിയിലേറെ രൂപയുടേത്; കൃത്യമായി പറഞ്ഞാൽ 128,45,95,444 രൂപ. എന്നാൽ വെറും രണ്ടുകിലോ വാട്ട് മാത്രമാണ് ഇദ്ദേഹത്തിന്റെ വൈദ്യുതി ഉപയോഗം. ബിൽ കണ്ട് ഞെട്ടിയ ഷമീം ഹപുർ ജില്ലയിലെ വൈദ്യുതിവകുപ്പിനെ സമീപിച്ചെങ്കിലും ബില്ലടച്ചില്ലെങ്കിൽ വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.
ബില്ലടക്കാൻ വൈകിയതോടെ അത് നടപ്പാക്കുകയും ചെയ്തു. വീട്ടിൽ ലൈറ്റും ഫാനും മാത്രമുള്ള വൃദ്ധരായ ഷമീനും ഭാര്യയ്ക്കും സാധാരണ 700/800 രൂപ മാത്രമാണ് ബിൽ തുക വരാറ്. എന്നാൽ തങ്ങൾക്കു ചിന്തിക്കാൻപോലും കഴിയാത്ത തുക ബില്ലായി വന്നതുകണ്ട് പരിഭ്രാന്തരായി വൈദ്യുതി വകുപ്പിന്റെ ഓഫീസുകൾ കയറിയിറങ്ങുകയാണ് ഇവർ.
സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഇങ്ങനെയൊരു തെറ്റുപറ്റിയതെന്ന് അവകാശപ്പെടുന്ന അധികൃതർ പ്രശ്നം പരിഹരിക്കുമെന്നറിയിച്ചിട്ടുണ്ട്. അതുവരെ വൃദ്ധദമ്പതികൾ ഇരുട്ടിൽ കഴിയേണ്ടിവരും.
content highlights: Uthar pradesh, electricity bill