ലഖ്നൗ: ‘ലവ് ജിഹാദ്’ തടയാനെന്ന പേരിൽ ഉത്തർപ്രദേശ് മന്ത്രിസഭ കൊണ്ടുവന്ന ഓർഡിനൻസിന് ഗവർണർ ആനന്ദി ബെൻ പട്ടേൽ അംഗീകാരം നൽകി. നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനം തടയൽ ഓർഡിനൻസിന് നാലു ദിവസം മുൻപാണ് യോഗി ആദിത്യനാഥ് സർക്കാർ ശുപാർശ ചെയ്തത്. പുതിയ നിയമപ്രകാരം കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്കു 10 വർഷം വരെ തടവും 50,000 രൂപ വരെ പിഴയും ലഭിക്കും.
ഓർഡിനൻസ് അനുസരിച്ച്, ഒരു സ്ത്രീ വിവാഹത്തിനായി മതപരിവർത്തനം നടത്തിയാൽ ആ വിവാഹത്തെ അസാധുവായി പ്രഖ്യാപിക്കും. വിവാഹശേഷം മതം മാറാൻ ആഗ്രഹിക്കുന്നവർ കളക്ടർക്ക് അപേക്ഷ നൽകണം. ആരെങ്കിലും അവരുടെ യഥാർഥ മതത്തിലേക്ക് മടങ്ങുകയാണെങ്കിൽ, അതു മതപരിവർത്തനമായി കണക്കാക്കില്ല.
മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് തെളിയിക്കാനുള്ള ബാധ്യത പ്രതിക്കാണ്. നിയമലംഘനമുണ്ടായാൽ, മതപരിവർത്തനത്തിന് ഇരയായയാൾക്ക് പ്രതികൾ നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപ വരെ നൽകേണ്ടിവരും. പിഴയ്ക്കു പുറമേയാണിത്. ഓർഡിനൻസിനുകീഴിൽ മുമ്പ് ശിക്ഷിക്കപ്പെട്ടവരെ അതേ കുറ്റത്തിനു വീണ്ടും പിടികൂടിയാൽ അവർ ഇരട്ട ശിക്ഷയ്ക്ക് വിധേയരാകും.
സമൂഹത്തിൽ വിദ്വേഷവും വിള്ളലുമുണ്ടാക്കുകയാണ് ഓർഡിനൻസ് ലക്ഷ്യം വെക്കുന്നതെന്ന് സമാജ്‌വാദി പാർട്ടിനേതാവും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പറഞ്ഞു.
Content Highlights: UP clears 'love jihad' law