ലഖ്‌നൗ: കുഭമേള നടക്കുന്ന പ്രയാഗ്‍രാജിൽ പ്രത്യേകയോഗം ചേർന്ന് ഉത്തർപ്രദേശ് മന്ത്രിസഭ ചരിത്രം കുറിച്ചു.

പഴയ അലഹബാദിനേയും പടിഞ്ഞാറൻ യു.പി.യേയും ബന്ധിപ്പിച്ചുകൊണ്ട് 36000 കോടിരൂപയുടെ അതിവേഗപ്പാത നിർമിക്കുമെന്ന് യോഗശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ഗംഗ എക്സ്പ്രസ് ഹൈവേ എന്ന പേരിൽ 600 കിലോമീറ്റർ നീളത്തിലാകും പാത നിർമിക്കുക. ഇതിനായി 6,556 ഹെക്ടർ ഭൂമി സർക്കാർ ഏറ്റെടുക്കും. പ്രയാഗ്‌രാജ് മുതൽ മീററ്റ് വരെ നീളുന്ന അതിവേഗപ്പാത ഇത്തരത്തിലുള്ളവയിൽ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയതായിരിക്കുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

പ്രയാഗ് രാജ്-പ്രതാപ്ഗഢ്-റായ്ബറേലി-ഉന്നാവ്-കനൂജ്-ഷാജഹാൻപുർ-ബദൗൻ-ബുലന്ദ്ശഹർ-അമ്രോഹ-മീററ്റ് എന്നീ മേഖലയിലൂടെയാണ് പാത നിർമിക്കുക. മധ്യപ്രദേശുമായി അതിർത്തി പങ്കിടുന്ന യു.പിയിലെ ബുന്ദേൽഖണ്ഡ് മേഖലയെ പാതയുമായി ബന്ധിപ്പിക്കും. 289 കിലോമീറ്ററിൽ ബുന്ദേൽഖണ്ഡ് അതിവേഗപ്പാതയും ഗോരഖ്പുരിനെ ബന്ധിപ്പിക്കുന്ന 90 കിലോമീറ്റർ പൂർവാഞ്ചൽ അതിവേഗപ്പതയും നേരത്തെ യു.പി. സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

‘ഉറി’ എന്ന പേരിൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയ്ക്ക് ജി.എസ്.ടി. ഒഴിവാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ദേശസ്നേഹവും യുവാക്കളിൽ ആവേശവും സൃഷ്ടിക്കുന്ന ചിത്രമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഞ്ചാബിലെ അതിർത്തിപ്രദേശത്ത് സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘ഉറി’. രാമജന്മഭൂമി ന്യാസിന് വേണ്ടി അയോധ്യയിലെ ബാബറി മസ്ജിദിനടുത്തുള്ള തർക്കരഹിതഭൂമി വിട്ടുനൽകാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ യോഗി ആദിത്യനാഥ് സ്വാഗതം ചെയ്തു.

1962-ൽ നൈനിത്താളിൽ യു.പി. മന്ത്രിസഭായോഗം ചേർന്നത് ഒഴിച്ചാൽ ആദ്യമായാണ് തലസ്ഥാനനഗരിയായ ലഖ്‌നൗവിന് പുറത്ത് സമ്മേളിക്കുന്നത്. യോഗത്തിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ത്രിവേണീസംഗമത്തിൽ സ്‌നാനവും നടത്തി. ഇത്തവണത്തെ കുംഭമേളയെ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമവേദിയായി അവതരിപ്പിച്ചാണ് യോഗി സർക്കാർ ക്രമീകരണങ്ങൾ നടത്തിയത്.

അതേസമയം ബി.ജെ.പിയുമായി ഇടഞ്ഞുനിൽക്കുന്ന ഘടകകക്ഷിയായ സുഹൽദേവ് ഭാരതീയ സമാജ് പാർട്ടിയുടെ പിന്നാക്കക്ഷേമമന്ത്രി ഓംപ്രകാശ് രാജ്ഭർ യോഗത്തിൽ പങ്കെടുത്തില്ല. തീവ്രപിന്നാക്ക വിഭാഗങ്ങളുടെ പ്രത്യേക സംവരണം സംബന്ധിച്ച് തീരുമാനം ഫെബ്രുവരി 24-നകം സ്വീകരിച്ചില്ലെങ്കിൽ എൻ.ഡി.എ. വിടുന്ന കാര്യം വാരാണസിയിൽ പ്രഖ്യാപിക്കുമെന്ന് മന്ത്രി രാജ്ഭർ വ്യക്തമാക്കി. രാമക്ഷേത്ര വിഷയത്തിൽ യോഗി ആദിത്യനാഥ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കഴിഞ്ഞദിവസം രാജ്ഭർ വിമർശിച്ചിരുന്നു.

Content Highlights: up cabinet meeting in prayagraj