ബറേലി: മതപരിവർത്തനവിരുദ്ധ നിയമപ്രകാരം ഉത്തർപ്രദേശ് പോലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഒവൈസ് അഹമദ് എന്നയാളെയാണ് ദേവർനിയ പോലീസ് ബുധനാഴ്ച അറസ്റ്റുചെയ്തത്. മൂന്നുവർഷംമുമ്പ് അഹമ്മദ് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ സഹപാഠിയോട് വിവാഹാഭ്യർഥന നടത്തുകയും മതംമാറാൻ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ, പെൺകുട്ടി മറ്റൊരാളെ വിവാഹം കഴിച്ചു.

തുടർന്ന്, അഹമ്മദ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും കുടുംബാംഗങ്ങളെ ദ്രോഹിക്കുകയും ചെയ്യുന്നതായി പെൺകുട്ടിയുടെ പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അറസ്റ്റുചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

നവംബർ 28-നാണ് ഏറെ വിവാദമായ മതപരിവർത്തനവിരുദ്ധ നിയമത്തിൽ ഗവർണർ ആനന്ദി ബേൻ പട്ടേൽ ഒപ്പുവെച്ചത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഈ നിയമപ്രകാരം പ്രതിക്ക് 10 വർഷംവരെ തടവും പരമാവധി 50,000 രൂപ പിഴയും ലഭിക്കും.

Content Highlights: UP arrest