ന്യൂഡൽഹി: മലയാളവാക്കുകൾകൊണ്ട് അമ്മാനമാടുന്ന രാജ്‌മോഹൻ ഉണ്ണിത്താൻ ലോക്‌സഭാംഗമായി സത്യപ്രതിജ്ഞചെയ്യാൻ ഹിന്ദി പഠിക്കുന്ന തിരക്കിലായിരുന്നു. സത്യപ്രതിജ്ഞ മലയാളത്തിൽ വേണോ ഇംഗ്ലീഷിലാക്കണോ എന്ന ചിന്തയിലായിരുന്നു കേരളത്തിൽനിന്നുള്ള ഏക ഇടതംഗം എ.എം. ആരിഫ്. തിങ്കളാഴ്ച തുടങ്ങുന്ന ലോക്‌സഭാ സമ്മേളനത്തിനായി ആദ്യം ഡൽഹിയിലെത്തിയ കന്നി എം.പി.മാരാണ് ഇരുവരും.

കേരളഹൗസിലിരുന്ന് “മേം രാജ്‌മോഹൻ ഉണ്ണിത്താൻ...” എന്നുതുടങ്ങുന്ന സത്യപ്രതിജ്ഞ മലയാളത്തിൽ എഴുതി ഉറക്കെ വായിച്ചു കാണാപാഠമാക്കുകയാണ് ഉണ്ണിത്താൻ. മലയാളത്തിലും സത്യപ്രതിജ്ഞ ചൊല്ലാമെന്നിരിക്കെ എന്തിനാണു ഹിന്ദിയെന്നു ചോദിച്ചപ്പോൾ, ഇനി തട്ടകം ഡൽഹിയല്ലേയെന്നു പതിവുശൈലിയിൽ മറുപടി.

അഞ്ചുപതിറ്റാണ്ടത്തെ രാഷ്ട്രീയപരിചയമുള്ളതിനാൽ ആദ്യമായി പാർലമെന്ററി ജീവിതത്തിലേക്കു കടക്കുന്നതിന്റെ ആശങ്കയൊന്നും മുഖത്തില്ല. ആദ്യമായി പാർലമെന്റിൽ എത്തുമ്പോൾ ചെറിയ സംഭ്രമമുണ്ടാവില്ലേയെന്ന ചോദ്യത്തിനു സഭാനടപടികളൊക്കെ താൻ വിശദമായി ടി.വി.യിൽ കണ്ടിട്ടുണ്ടെന്ന് ഉണ്ണിത്താൻ. ഡൽഹി തനിക്ക് അപരിചിതമല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ സുധാകുമാരി, മക്കളായ അഖിൽ, അതുൽ, അമൽ എന്നിവരും ഒപ്പമുണ്ട്.

അപ്പോഴേക്കും കേരളഹൗസിലെ മറ്റൊരു മുറിയിൽ സത്യപ്രതിജ്ഞ ഏതുഭാഷയിൽ വേണമെന്ന പ്രശ്നത്തിൽ എ.എം. ആരിഫ് ഒരു തീരുമാനത്തിലെത്തി. “ഷർട്ടും മുണ്ടും ധരിച്ചാണു പോവുന്നത്. അപ്പോൾ മാതൃഭാഷയായ മലയാളം മതി”. നിറചിരിയോടെ ആരിഫിന്റെ വാക്കുകൾ. ഡൽഹിക്കാർക്കുപോലും ചൂട് അസഹനീയമായിരിക്കെ തനിക്കു ചൂടു പ്രശ്നമല്ലെന്ന് ആരിഫ്. “തണുപ്പിനെക്കുറിച്ചാണ് എനിക്ക് ആശങ്ക. മുമ്പ് കശ്മീരിൽ പോയപ്പോൾ മൈനസ് ഡിഗ്രിയിൽ തണുത്ത് മരവിച്ചുപോയതിന്റെ ഓർമകൾ ഇപ്പോഴും വിട്ടുമാറിയിട്ടില്ല”. അത്രയും തണുപ്പ് ഡൽഹിയിലുണ്ടാവില്ലെന്ന മറുപടിയിൽ മുഖത്ത് ആശ്വാസം തെളിഞ്ഞു.

മുമ്പു പലതവണ ഡൽഹിയിൽ വന്നിട്ടുണ്ടെങ്കിലും വഴി കണ്ടുപിടിക്കലാണു തന്നെ എപ്പോഴും ബുദ്ധിമുട്ടിക്കുന്നതെന്ന് ആരിഫ് പറഞ്ഞു. സുഹൃത്തുക്കളുടെ സഹായം തേടുകയാണു പതിവ്. എന്നാൽ, ഇനി എം.പി.യെന്നനിലയിൽ ഡ്രൈവറും ജീവനക്കാരും ഉള്ളതിനാൽ പേടിക്കേണ്ടെന്നും അദ്ദേഹത്തിന്റെ വാക്കുകൾ. ഡൽഹിയിലെ ഭാവി പരിപാടിയെന്തെന്നു ചോദിച്ചപ്പോൾ ഹിന്ദി പഠിക്കണമെന്നായിരുന്നു മറുപടി. ഭാര്യ ഡോ. ഷഹനാസും മക്കളായ സൽമാനും റിസ്‌വാനയും സത്യപ്രതിജ്ഞാച്ചടങ്ങു കാണാനെത്തിയിട്ടുണ്ട്.

വി.കെ. ശ്രീകണ്ഠൻ, രമ്യാ ഹരിദാസ്, ടി.എൻ. പ്രതാപൻ, ബെന്നി ബെഹന്നാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, തോമസ് ചാഴികാടൻ, അടൂർ പ്രകാശ് എന്നിവരാണു ലോക്‌സഭയിൽ കേരളത്തിൽനിന്നുള്ള മറ്റു പുതുമുഖങ്ങൾ. ഞായറാഴ്ച രാത്രി വൈകിയാണ് ഇവർ ഡൽഹിയിലെത്തിയത്.

content highlights: unnithan,a.m arif, loksabha