വാഹനാപകടത്തിൽ പരിക്കേറ്റ് ഡൽഹിയിലെ എയിംസിൽ ചികിത്സയിൽക്കഴിയുന്ന ഉന്നാവ് പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. തീവ്രപരിചരണവിഭാഗത്തിൽനിന്ന് വാർഡിലേക്ക് മാറ്റിയ ഇവരിൽനിന്ന് തിങ്കളാഴ്ച സി.ബി.ഐ. സംഘം മൊഴിയെടുത്തു. വാഹനാപകടക്കേസുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ. വിവരങ്ങൾ ശേഖരിച്ചത്.

പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറിൽ ജൂലായ് 28-നാണ് റായ്ബറേലിക്കടുത്തുവെച്ച് ദുരൂഹസാഹചര്യത്തിൽ ട്രക്കിടിച്ചത്. പെൺകുട്ടിയുടെ രണ്ട് അടുത്ത ബന്ധുക്കൾ അപകടത്തിൽ മരിച്ചു. പെൺകുട്ടിക്കും പീഡനക്കേസിൽ ഇവർക്കായി വാദിക്കുന്ന അഭിഭാഷകനും പരിക്കേറ്റു. അഭിഭാഷകനാണ് കാറോടിച്ചിരുന്നത്.

ബി.ജെ.പി. എം.എൽ.എ. കുൽദീപ് സിങ് സേംഗർ 2017-ൽ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി പരാതിപ്പെട്ടിരുന്നു. തുടർന്ന് ഇയാൾ അറസ്റ്റിലായി. എന്നാൽ, കേസ് പിൻവലിപ്പിക്കാൻ വലിയ സമ്മർദവും ഭീഷണിയുമുണ്ടായി. ജീവനു ഭീഷണിയുണ്ടെന്നുകാട്ടി പെൺകുട്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് കത്തെഴുതി 16-ാം ദിവസമാണ് അപകടമുണ്ടാവുന്നത്. പെൺകുട്ടിയെ ഇല്ലാതാക്കാൻ കരുതിക്കൂട്ടിയുണ്ടാക്കിയ അപകടമാണെന്നാണു കുടുംബം ആരോപിക്കുന്നത്.

ലഖ്‌നൗവിലെ കിങ്‌സ് ജോർജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെയും അഭിഭാഷകനെയും സുപ്രീംകോടതി ഇടപെട്ടാണു വിമാനമാർഗം എയിംസിലെത്തിച്ചത്. ഇവരെ പീഡിപ്പിച്ചതിനുപുറമേ വാഹനാപകടക്കേസിലും എം.എൽ.എ.ക്കെതിരേ സി.ബി.ഐ. കേസെടുത്തിട്ടുണ്ട്. തുടർന്ന്, എം.എൽ.എ.യെ ബി.ജെ.പി. പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു.

Content Highlights: Unnao case: CBI records victim's statement