ന്യൂഡൽഹി: ഹിന്ദിയിതര സംസ്ഥാനങ്ങളിൽ ഹിന്ദികൂടി പഠിപ്പിച്ചിരിക്കണമെന്ന വിവാദവ്യവസ്ഥ ഒഴിവാക്കി കരടുവിദ്യാഭ്യാസനയത്തിൽ കേന്ദ്രസർക്കാർ മാറ്റംവരുത്തി. ത്രിഭാഷാ പദ്ധതിക്കും ഹിന്ദി അടിച്ചേല്പിക്കുന്നതിനുമെതിരേ തമിഴ്‌നാട്ടിൽനിന്നുൾപ്പെടെ എതിർപ്പുയർന്നതിനെത്തുടർന്നാണ്‌ കേന്ദ്രനീക്കം. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഞായറാഴ്ചയാണ്‌ പുതുക്കിയ കരടുനയം പ്രസിദ്ധീകരിച്ചത്.

ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ മറ്റൊരു ഇന്ത്യൻഭാഷകൂടി പഠിക്കണമെന്നും അല്ലാത്തിടങ്ങളിൽ പ്രാദേശികഭാഷയ്ക്കു പുറമേ ഹിന്ദിയും ഇംഗ്ലീഷും പഠിക്കണമെന്നുമായിരുന്നു ആദ്യത്തെ കരടുനയത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, ഹിന്ദിയിതര സംസ്ഥാനങ്ങളിൽ ഹിന്ദി പഠിച്ചിരിക്കണമെന്ന ഭാഗം പുതിയതിൽ ഒഴിവാക്കി. മൂന്നു ഭാഷ പഠിച്ചുവരുന്ന കുട്ടികൾക്ക് ആറാംക്ലാസിൽവെച്ച് അവയിലേതെങ്കിലും ഒന്നോ അല്ലെങ്കിൽ മുഴുവനും ഭാഷയോ മാറ്റി വേറെ എടുക്കാമെന്നായിരുന്നു പഴയ നയം. എന്നാൽ, ആറാം ക്ലാസിലോ ഏഴാം ക്ലാസിലോവെച്ച് ഒന്നോ അതിലേറെയോ ഭാഷാവിഷയങ്ങൾ മാറ്റിയെടുക്കാമെന്നാണ്‌ പുതിയ കരടിൽ പറയുന്നത്.

ഡി.എം.കെ.യും തൃണമൂലും ഉൾപ്പെടെയുള്ള പാർട്ടികൾ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരേ രംഗത്തുവന്നിരുന്നു. ശിവസേന ഉൾപ്പെടെയുള്ള സഖ്യകക്ഷികളും ഹിന്ദിക്ക്‌ പ്രാമുഖ്യം കൊടുക്കുന്നതിനെ എതിർ‍ത്തു. ഈ സാഹചര്യത്തിലാണ് കരടുനയം തന്നെ അടിയന്തരമായി തിരുത്തിയത്.

ഒരു ഭാഷയും അടിച്ചേൽപ്പിക്കില്ലെന്ന് മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാലും മന്ത്രി പ്രകാശ് ജാവഡേക്കറും വ്യക്തമാക്കി. ഡോ. കസ്തൂരിരംഗൻ അധ്യക്ഷനായ സമിതിയെ വിദ്യാഭ്യാസനയത്തിന്റെ കരടു തയ്യാറാക്കാൻ നിയോഗിച്ചത് അന്ന് മാനവവിഭവശേഷി മന്ത്രിയായിരുന്ന ജാവഡേക്കറായിരുന്നു. ഡോ. കസ്തൂരിരംഗൻ അധ്യക്ഷനായ സമിതി സമർപ്പിച്ച കരടുനയം മാത്രമാണിതെന്നും പൊതുജനാഭിപ്രായം കൂടി പരിഗണിച്ചു മാത്രമേ അന്തിമരൂപം നൽകൂവെന്നും സർക്കാർ വ്യക്തമാക്കി.

Content Highlights: union government made changes in national education policy draft