ന്യൂഡൽഹി: സ്റ്റുഡന്റ്സ് ഇസ്‌ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയ്ക്ക് (സിമി) അഞ്ചുവർഷത്തേക്കുകൂടി നിരോധനം. വിധ്വംസകപ്രവർത്തനങ്ങളുമായി സംഘടന മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ വീണ്ടും സംഘടനയെ നിരോധിച്ചത്.

സിമിയുടെ നിയമവിരുദ്ധപ്രവർത്തനങ്ങൾ ഉടൻ നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്തില്ലെങ്കിൽ വിധ്വംസക പ്രവർത്തനങ്ങളുമായി സംഘടന മുന്നോട്ടുപോവുമെന്നും ദേശവിരുദ്ധ വികാരവും വിഘടനവാദവും വളർത്തി രാജ്യത്തിന്റെ മതേതരഘടനയെ തകർക്കുെമന്നും ആഭ്യന്തരമന്ത്രാലയം വിജ്ഞാപനത്തിൽ പറയുന്നു.

നിയമവിരുദ്ധപ്രവർത്തനം തടയൽ നിയമ(1967)ത്തിന്റെ മൂന്നാം വകുപ്പിലെ ഒന്ന്, മൂന്ന് ഉപവകുപ്പുകൾ പ്രകാരമാണ് നിരോധനം. സിമി പ്രവർത്തകർ പ്രതികളായ 58 കേസാണ് സർക്കാർ പട്ടികയിലുള്ളത്.

1977-ൽ അലിഗഢിലാണ് സിമി രൂപവത്കരിച്ചത്. 2001-ൽ ആദ്യമായി നിരോധിച്ചു. 2014-ലും അഞ്ചു വർഷത്തേക്ക് നിരോധനം കൊണ്ടുവന്നിരുന്നു.

Content Highlights: union government banned simi for next five years