ന്യൂഡല്‍ഹി: കാര്‍ഷികമേഖലയ്ക്ക് യു.പി.എ. സര്‍ക്കാര്‍ അനുവദിച്ചതിലും 20,000 കോടി രൂപ അധികം ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കെ.സി. വേണുഗോപാല്‍ എം.പി.

2016-'17ല്‍ കാര്‍ഷിക മേഖലയ്ക്ക് 35,000 കോടി രൂപ അനുവദിച്ചെന്നും യു.പി.എ. ഭരണകാലത്ത് ഇത് 15,000 കോടി രൂപയായിരുന്നെന്നുമാണ് ജെയ്റ്റ്‌ലി പറഞ്ഞത്. യു.പി.എ. ഭരണകാലത്ത് 15,000 കോടി രൂപ കാര്‍ഷികമന്ത്രാലയത്തിന് മാത്രമായി അനുവദിച്ച തുകയാണ്. കര്‍ഷകര്‍ക്ക് ഹ്രസ്വകാല സാമ്പത്തികവായ്പ നല്‍കുന്നതിനായി 13,000 കോടി രൂപ ധനവകുപ്പിന് കൈമാറിയിട്ടുണ്ട്.
 
ഇക്കാര്യം ജെയ്റ്റ്‌ലി മറച്ചുവെച്ചുവെന്നും വേണുഗോപാല്‍ പറഞ്ഞു. കാര്‍ഷികമേഖലയ്ക്ക് മൊത്തമായി 28,000 കോടി രൂപയാണ് യു.പി.എ. ഭരണകാലത്ത് അനുവദിച്ചത്. 2016-'17 കാലയളവില്‍ 7000 കോടി രൂപയുടെ വര്‍ധനമാത്രമാണ് ഉണ്ടായിട്ടുള്ളത് -അദ്ദേഹം പറഞ്ഞു.