ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കുമുള്ള രാഷ്ട്രീയ വാക്സിനാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. തിരഞ്ഞെടുപ്പ് കാത്തിരിക്കുന്ന സംസ്ഥാനങ്ങൾക്ക് കൈയയച്ച് നൽകിയും കാർഷിക സമരംമൂലം അസ്വസ്ഥമായ ഗ്രാമീണമേഖലയെ തലോടിയുമാണ് നിർദേശങ്ങൾ. നികുതിഭാരമില്ലാതെ ജനപ്രിയ നിർദേശങ്ങളിൽ ഒതുങ്ങാനുള്ള സാമർഥ്യവും വ്യക്തം. തിരഞ്ഞെടുപ്പ് ബജറ്റാണിതെന്ന് അവതരണവേളയിൽത്തന്നെ പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുകയും ചെയ്തു.

കേരളം, ബംഗാൾ, തമിഴ്‌നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് രണ്ടുമാസങ്ങൾക്ക് ശേഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ ഈ സംസ്ഥാനങ്ങൾക്ക് ഗുണകരമായെന്ന് ബജറ്റ് നിർദേശങ്ങൾ വ്യക്തമാക്കുന്നു. അസമിൽ ഭരണം നിലനിർത്താനും ബംഗാൾ പിടിക്കാനും മറ്റിടങ്ങളിൽ വേരോട്ടം വർധിപ്പിക്കാനും ലക്ഷ്യമിടുന്ന ബി.ജെ.പി.ക്ക് പ്രചാരണത്തിനുള്ള മുദ്രാവാക്യങ്ങളാണ് ബജറ്റ് നൽകുന്നത്. നാല് സംസ്ഥാനങ്ങൾക്കും അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെ വിവിധ മേഖലകളിൽ കോടികളുടെ പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. പുതുച്ചേരിക്കായി പ്രത്യേക പ്രഖ്യാപനങ്ങളില്ലെങ്കിലും തമിഴ്‌നാടിനുള്ള പദ്ധതികളുടെ ഗുണം ഈ പ്രദേശത്തിനും ലഭിക്കും.

ദേശീയപാത, മെട്രോ, മത്സ്യബന്ധനം തുടങ്ങിയ രംഗങ്ങളിലാണ് ഈ സംസ്ഥാനങ്ങൾക്ക് പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാളിനു നൽകിയ ദേശീയപാത വികസന പദ്ധതിയിൽ, ബി.ജെ.പി. മുന്നേറ്റം പ്രതീക്ഷിക്കുന്ന വടക്കൻ ബംഗാളിനാണ് മുൻതൂക്കം. കൊൽക്കത്ത-സിലിഗുഡി ദേശീയപാതാ നിർമാണം ഈ മേഖലയിലാണ്. വടക്കൻ ബംഗാളിൽ നിന്ന് 54-ൽ 50 സീറ്റുകളാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എട്ടിൽ ഏഴ് സീറ്റുകൾ ഈ മേഖലയിൽ നിന്ന് നേടിയിരുന്നു.

കേരളത്തിന്റെ വികസനത്തിൽ നിർണായകമായ കൊച്ചി മെട്രോ റെയിൽ വികസനത്തിനും ഹാർബർ വികസനത്തിനും പദ്ധതി പ്രഖ്യാപനങ്ങളുണ്ട്. അസമിലെയും ബംഗാളിലെയും തേയില തൊഴിലാളികൾക്കുള്ള ആയിരം കോടി രൂപയുടെ ക്ഷേമനിധിക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ട്. അസമിലെ ഗ്രാമങ്ങളിൽ പൗരത്വനിയമത്തിനെതിരേ നിലനിൽക്കുന്ന രോഷം തണുപ്പിക്കാമെന്ന പ്രതീക്ഷ ഈ പ്രഖ്യാപനത്തിലുണ്ട്. കർഷക സമരം രൂക്ഷമായ സാഹചര്യത്തിൽ താങ്ങുവില സംവിധാനം ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനം ശ്രദ്ധേയമാണ്. കാർഷിക വായ്പാലക്ഷ്യം വർധിപ്പിക്കുമെന്നും ആയിരം മണ്ഡികളിൽ ഇ-നാം സംവിധാനം ഏർപ്പെടുത്തുമെന്നും എ.പി.എം.സികളിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ ഫണ്ട് ലഭ്യമാക്കുമെന്നുമുള്ള പ്രഖ്യാപനവും കർഷക സമരത്തെ ലക്ഷ്യമിട്ടാണ്.

പുതുതായി പ്രഖ്യാപിച്ച പദ്ധതികൾക്കൊപ്പം കേന്ദ്ര സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിപാടികളെക്കുറിച്ചുള്ള ബജറ്റിലെ വിവരണങ്ങളും അവകാശവാദങ്ങളും തിരഞ്ഞെടുപ്പ് രാഷ്ട്രീയം മുന്നിൽക്കണ്ടുതന്നെ. ടാഗോറിന്റെ കവിതാശകലം ഉരുവിട്ടതിലെ ബംഗാളി സ്പർശവും തിരുവള്ളുവർ കവിത ഉദ്ധരിച്ചതിന്റെ തമിഴ് സ്പർശവും തിരഞ്ഞെടുപ്പുമായി ചേർത്തു വായിക്കപ്പെടും.

Content Highlight:  Union Budget 2021