കോഴിക്കോട്: ഇന്ത്യയിൽ പുതിയ സംരംഭങ്ങൾ സ്വന്തമായി തുടങ്ങാൻ പ്രവാസികൾക്ക് അനുമതി നൽകുന്ന ബജറ്റ് നിർദേശം നിക്ഷേപകർക്ക് വലിയ അവസരം നൽകുന്നതാണ്. അതേസമയം, പ്രവാസികളുടെ ഇരട്ടനികുതി എടുത്തുകളഞ്ഞുള്ള ആനുകൂല്യം ഗൾഫ് നാടുകളിൽ വലിയ ചലനം ഉണ്ടാക്കുന്നില്ല. നിലവിൽ പ്രവാസി ഇന്ത്യക്കാർക്ക് രാജ്യത്ത് സംരംഭം തുടങ്ങണമെങ്കിൽ ചുരുങ്ങിയത് രണ്ടുപേരെങ്കിലും വേണമെന്നാണ് വ്യവസ്ഥ. ഇതാണ്‌ പുതിയ ബജറ്റിൽ മാറ്റിയിരിക്കുന്നത്. ഇനിമുതൽ നിക്ഷേപത്തിലോ മൂലധനത്തിലോ പരിധികളില്ലാതെ സ്വന്തമായിത്തന്നെ പ്രവാസിക്ക് ഏതുസംരംഭവും തുടങ്ങാം.

ഇത് തിരിച്ചെത്തുന്നവർക്കും ഇപ്പോൾ പ്രവാസികളായവർക്കുമെല്ലാം ഏറെ ആത്മവിശ്വാസം നൽകുന്നതാണ്. ഇതുവരെ പ്രവാസിയുടെ സംരംഭങ്ങൾ എൽ.എൽ.പി. (ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ്) സംവിധാനത്തിലായിരുന്നു. രണ്ടുമുതൽ എത്രപേരെ വേണമെങ്കിലും ഇതിൽ പങ്കാളികളാക്കാം എന്നായിരുന്നു വ്യവസ്ഥ. അതാണിപ്പോൾ ഒ.പി.സി. (വൺ പേഴ്‌സൺ കമ്പനി) എന്ന നിലയിലേക്ക് മാറ്റുന്നത്. മൂലധനത്തിനും വരുമാനത്തിനും പ്രത്യേക നിയന്ത്രണങ്ങളില്ലാതെ പുതിയ സംരംഭങ്ങൾക്കായി കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതാണ് നിർദേശം.

പ്രവാസികളുടെ ഇരട്ടനികുതി ഒഴിവാക്കുന്നു എന്ന പ്രഖ്യാപനം ഗൾഫ് നാടുകളിലുള്ളവർക്ക് ബാധകമാവുന്നില്ല. യു.എസ്. യൂറോപ്പ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലുള്ള പ്രവാസികൾക്കാണ് ഇതിന്റെ ആനുകൂല്യം. ഗൾഫ് ഒഴികെയുള്ള വിദേശരാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ റിട്ടയർമെന്റ് ആനുകൂല്യമായി ലഭിക്കുന്ന വരുമാനത്തിന് ഇനിമുതൽ ഇന്ത്യയിൽ നികുതി നൽകേണ്ടതില്ലെന്നതാണ് പുതിയ ബജറ്റ് നിർദേശം. നേരത്തേതന്നെ അവിടങ്ങളിൽ ശമ്പളത്തിൽനിന്ന് നികുതി ഈടാക്കുന്നുണ്ട്. വീണ്ടും ഇന്ത്യയിൽ നികുതി എന്ന ബാധ്യതയാണ് ഇതോടെ ഒഴിവാകുന്നത്. നികുതി സംബന്ധിച്ച കരാറിൽ മിക്ക ഗൾഫ് നാടുകളും ഇന്ത്യയുമായി നേരത്തേതന്നെ ധാരണയിലെത്തിയതാണ്.

എൻ.ആർ.ഐ. പദവിയെക്കുറിച്ച് മൗനം

ഇന്ത്യയിൽ തുടർച്ചയായി 120 ദിവസത്തിൽ കൂടുതൽ തങ്ങിയാൽ എൻ.ആർ.ഐ. പദവി നഷ്ടമാവുമെന്ന കഴിഞ്ഞ ബജറ്റിലെ നിർദേശത്തെക്കുറിച്ച് ഈ ബജറ്റ് മൗനംപാലിക്കുന്നത് പ്രവാസികളുടെ ആശയക്കുഴപ്പം കൂട്ടുന്നു. കഴിഞ്ഞ ബജറ്റിൽ ഈ നിർദേശം ഏറെ വിവാദമായിരുന്നു. ബജറ്റ് പ്രഖ്യാപനത്തിനുപിന്നാലെ കോവിഡ് നിയന്ത്രണങ്ങൾ നിലവിൽവന്നതോടെ ആയിരക്കണക്കിനാളുകൾക്ക് ഇന്ത്യയിൽത്തന്നെ താമസിക്കേണ്ട അവസ്ഥവന്നു. എൻ.ആർ.ഐ. പദവി നഷ്ടമായ പലരും ഇന്ത്യയിലെ നിയമങ്ങളനുസരിച്ച് നികുതിയെടുക്കേണ്ടിവരുമെന്ന അവസ്ഥയിലായി.

യാത്ര മുടങ്ങിയവർക്ക് കാലാവധിയുടെ കാര്യത്തിൽ ചില ഇളവുനൽകുമെന്ന് സെൻട്രൽ ബോർഡ് ഫോർ ഡയറക്ട് ടാക്സസ് ചില അറിയിപ്പുകൾ നൽകിയെങ്കിലും ബജറ്റിൽ അതിനെക്കുറിച്ച് പരാമർശമില്ലാത്തത് പ്രവാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്. നേരത്തേ ഉണ്ടായിരുന്ന 182 ദിവസം എന്ന വ്യവസ്ഥ പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവർ.

വിദേശത്തുനിന്ന് കൊണ്ടുവരുന്ന സ്വർണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി ഏഴര ശതമാനമായി കുറച്ചത് പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നുണ്ട്. നാട്ടിലേക്ക് കൊണ്ടുപോകുന്ന സ്വർണം ഇതോടെ വർധിക്കുമെന്ന് ഗൾഫ് നാടുകളിലെ വ്യാപാരികളും പ്രതീക്ഷിക്കുന്നു. സ്വർണക്കട്ടിയുടെമേലുള്ള തീരുവ കുറച്ചതും പ്രവാസിയെ സന്തോഷിപ്പിക്കുന്നുണ്ട്.

Content Highlights: union budget 2019