ന്യൂഡല്‍ഹി : ഇന്ത്യയുടെ ആദ്യ മുഴുവന്‍സമയ വനിതാ ധനകാര്യമന്ത്രിയായി ചരിത്രമെഴുതിയ നിര്‍മലാ സീതാരാമന്റെ കന്നി ബജറ്റവതരണം സവിശേഷതകളുടെ ചരിത്രപുസ്തകമായി. രണ്ടുമണിക്കൂർ 17 മിനിറ്റു നീണ്ട ബജറ്റവതരണം കഴിഞ്ഞപ്പോള്‍, സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ളതന്നെ ഈ ചരിത്രപ്രാധാന്യം ലോക്‌സഭയെ ഓര്‍മിപ്പിച്ചു. ആദ്യമായാണു വനിതാധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതെന്നു സ്പീക്കര്‍ പറഞ്ഞപ്പോള്‍ സഭയില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നിറഞ്ഞ കൈയടി.
സാങ്കേതികമായി പറഞ്ഞാല്‍, ബജറ്റ് അവതരിപ്പിക്കുന്ന ആദ്യത്തെ വനിതാമന്ത്രി ഇന്ദിരാഗാന്ധിയാണ്. പ്രധാനമന്ത്രിപദവും ധനകാര്യമന്ത്രിപദവും ഒരുമിച്ച് കൈകാര്യംചെയ്തിരുന്ന കാലത്താണ് ഇന്ദിര ബജറ്റവതരിപ്പിച്ചത്.
ചുവപ്പുനിറമുള്ള സഞ്ചിയില്‍ ബജറ്റുമായി 10.50-നു ലോക്‌സഭയിൽ നിര്‍മലയെത്തിയപ്പോള്‍ വനിതാ എം.പി.മാര്‍ അഭിനന്ദിക്കാന്‍ ഓടിയെത്തി. 11.01-നു ബജറ്റവതരണം തുടങ്ങി. തമിഴ്, ഉറുദു കാവ്യങ്ങളും മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദന്‍ എന്നിവരുടെ പ്രഭാഷണഭാഗങ്ങളും ഉദ്ധരിച്ചുമുന്നേറിയ പ്രസംഗത്തിനിടയില്‍ ഒരുതുള്ളി വെള്ളംപോലും കുടിച്ചതുമില്ല. ഹിന്ദിയും ഉറുദുവും വായിച്ചപ്പോള്‍ ഉച്ചാരണം ശരിയാകുമോ എന്ന സംശയം സ്വയം ഉയര്‍ത്തിയെങ്കിലും വായിച്ചുതീര്‍ന്നപ്പോള്‍ ഹിന്ദി മേഖലയിലെ എം.പി.മാരും കൈയടിച്ചു.
എല്ലാവര്‍ക്കുമേലും ഒരുമിച്ചു സാമ്പത്തികഭാരം വീഴുന്നമട്ടില്‍ നികുതി പിരിക്കില്ല എന്നുവ്യക്തമാക്കാന്‍ നിര്‍മല ഉദ്ധരിച്ചത്, സംഘകാലകൃതിയായ പുറനാനൂറാണ്. ‘ആനയ്ക്കുവിശക്കുമ്പോള്‍ വയലിലെ കുറച്ചു നെല്ല് അരിയാക്കി ആഹാരമായി നല്‍കാം. എന്നാല്‍, ആനയെ വയലില്‍ ഇറക്കിവിട്ടാല്‍ വിളമുഴുവൻ നശിപ്പിക്കു’മെന്ന് അര്‍ഥംവരുന്ന തമിഴ് കാവ്യഭാഗത്തിന് ഇംഗ്ലീഷില്‍ മന്ത്രി അര്‍ഥം വിശദീകരിച്ചപ്പോള്‍ സഭയില്‍ കൂട്ടച്ചിരി. നികുതിയുടെ കാര്യത്തില്‍ ഈ സിദ്ധാന്തമാണു ഞങ്ങള്‍ പിന്തുടരുന്നത്. ആവശ്യമുള്ള നികുതിമാത്രമേ പിരിക്കുകയുള്ളൂ, നികുതിദായകരെ ചവിട്ടിമെതിക്കില്ല -നിര്‍മല വ്യക്തമാക്കി.
പ്രസംഗത്തിനിടയില്‍ സ്ത്രീശക്തിയെക്കുറിച്ചു പറഞ്ഞപ്പോള്‍ നിര്‍മല ആവേശഭരിതയായി. വോട്ടെടുപ്പിൽ ഇക്കുറി വന്‍തോതില്‍ സ്ത്രീപ്രാതിനിധ്യമുണ്ടായിരുന്നു. പാര്‍ലമെന്റിലും എഴുപതിലേറെ സ്ത്രീകളുണ്ടെന്നു നിര്‍മല ചൂണ്ടിക്കാട്ടിയപ്പോള്‍ വനിതാ എം.പി.മാര്‍ക്ക് ആവേശം.
പ്രസംഗത്തിനിടയില്‍ പ്രതിപക്ഷപ്രതിഷേധമോ ബഹളമോ ഉണ്ടായില്ല. അധ്യാപികയെപ്പോലെ നിര്‍മലയും വിദ്യാര്‍ഥികളെപ്പോലെ അംഗങ്ങളും പ്രസംഗത്തില്‍ മുഴുകി. പ്രസംഗം കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ധനമന്ത്രിയുടെ ഇരിപ്പിടത്തിനരികിലെത്തി തൊഴുകൈയോടെ അഭിനന്ദിച്ചു. തുടര്‍ന്ന് കേന്ദ്രമന്ത്രിമാരും വനിതാ എം.പി.മാരും അഭിനന്ദനങ്ങളുമായെത്തി. ഇടയ്ക്ക് നിര്‍മല, പ്രധാന അതിഥികള്‍ക്കായുള്ള സ്പീക്കേഴ്‌സ് ഗാലറിയില്‍ ഇരുന്ന അച്ഛന്‍ നാരായണന്‍ സീതാരാമനെയും അമ്മ സാവിത്രിയെയും മകള്‍ വാങ്മയിയെയും നോക്കിച്ചിരിച്ചു.