ന്യൂഡല്‍ഹി: ഇപ്പോൾ ബജറ്റിൽ പ്രഖ്യാപിച്ചതിലേറെ പെട്രോളിനും ഡീസലിനും വില കൂട്ടാൻ വ്യവസ്ഥചെയ്യുന്നതാണ് അതിനൊപ്പം ധനമന്ത്രി അവതരിപ്പിച്ച ധനബില്ലിലെ വ്യവസ്ഥകൾ.
ബജറ്റിലെ നികുതിനിര്‍ദേശങ്ങളടങ്ങിയ ധനബില്ലില്‍ തീരുവയും സെസ്സും ഇതിലേറെ വര്‍ധിപ്പിക്കാന്‍ വ്യവസ്ഥചെയ്യുന്നുണ്ട്. അതിനാല്‍, പുതിയ ബില്‍ അവതരിപ്പിക്കാതെതന്നെ തീരുവയും സെസ്സും വര്‍ധിപ്പിക്കാം. തീരുവയും സെസ്സും രണ്ടുരൂപവീതം കൂട്ടിയതുവഴി മാത്രം സര്‍ക്കാരിന് 28,000 കോടി രൂപയുടെ അധികവരുമാനമുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു.
പെട്രോളിന്റെ റോഡ്-അടിസ്ഥാനസൗകര്യ സെസ് (കസ്റ്റംസ്) എട്ടില്‍നിന്ന് ഒമ്പതുരൂപയും പ്രത്യേക അധിക എക്സൈസ് തീരുവ ഏഴില്‍നിന്ന് എട്ടുരൂപയുമാക്കാനാണ് ബജറ്റിലെ നിര്‍ദേശം. എന്നാല്‍, ഇവ രണ്ടും പത്തുരൂപവരെയാക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. അതുപോലെതന്നെ, ഹൈസ്പീഡ് ഡീസലിന് പ്രത്യേക അധിക എക്സൈസ് തീരുവ ഒന്നില്‍നിന്നു രണ്ടുരൂപയും റോഡ്-അടിസ്ഥാനസൗകര്യ സെസ് എട്ടില്‍നിന്ന് ഒമ്പതുരൂപയുമാക്കിയാണ് ബജറ്റില്‍ കൂട്ടിയത്. എന്നാല്‍, ഡീസലിന്റെ അധിക എക്സൈസ് തീരുവ നാലുരൂപവരെയും റോഡ് അടിസ്ഥാനസൗകര്യ സെസ് പത്തുരൂപവരെയുമാക്കാമെന്ന് ബില്ലില്‍ പറയുന്നു.
അസംസ്കൃത എണ്ണയ്ക്ക് ടണ്ണിന് ഒരുരൂപ കസ്റ്റംസ് തീരുവയും ബജറ്റില്‍ നിര്‍ദേശിച്ചു. ഇന്ത്യ 22 കോടി ടണ്‍ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതിനാല്‍ 22 കോടി രൂപയുടെ വരുമാനംകൂടി സര്‍ക്കാരിനു ലഭിക്കും. നിലവില്‍ അസംസ്കൃത എണ്ണയ്ക്ക് കസ്റ്റംസ് തീരുവയില്ല. നാഷണല്‍ കലാമിറ്റി കണ്ടിജന്റ് തീരുവയായി ടണ്ണിനു 50 രൂപ മാത്രമാണ് ഇപ്പോള്‍ അസംസ്കൃത എണ്ണയുടെ ഇറക്കുമതിയില്‍നിന്നു സര്‍ക്കാരിനുള്ള വരുമാനം.
പെട്രോളിന് നിലവില്‍ 17.98 രൂപയാണ് ആകെ എക്സൈസ് തീരുവ. അതില്‍ 2.98 രൂപ അടിസ്ഥാന എക്സൈസ് തീരുവയും ഏഴുരൂപ അധികതീരുവയും എട്ടുരൂപ അടിസ്ഥാനസൗകര്യ സെസ്സുമാണ്. ഡീസലിന് ആകെ 13.83 രൂപയാണ് എക്സൈസ് തീരുവ. ഇതില്‍ 4.83 രൂപ അടിസ്ഥാന എക്സൈസ് തീരുവയും ഒരു രൂപ അധികതീരുവയും എട്ടുരൂപ അടിസ്ഥാനസൗകര്യ സെസ്സുമാണ്. ഇതിനുപുറമേയാണ് സംസ്ഥാനങ്ങള്‍ വാറ്റ് ചുമത്തുന്നത്. ഡല്‍ഹിയില്‍ പെട്രോളിന് 27 ശതമാനവും ഡീസലിന് 16.75 ശതമാനവുമാണ് വാറ്റ്.
content highlights: Union budget 2019, petrol price