കൊച്ചി: ഭവന വായ്പയുടെ പലിശയ്ക്ക് കിട്ടുന്ന ആദായ നികുതി ആശ്വാസം 3.50 ലക്ഷം രൂപയായി ഉയർത്തി. 45 ലക്ഷം രൂപയിൽ താഴെ മൂല്യമുള്ള വീടുകൾക്കാണ് ഇത്.
നിലവിൽ രണ്ടു ലക്ഷം രൂപ വരെയുള്ള പലിശയ്ക്കാണ് നികുതി ഒഴിവുള്ളത്. ഇത് 3.50 ലക്ഷം രൂപയായി ഉയർത്തുന്നതോടെ 15 വർഷത്തെ വായ്പാകാലയളവിൽ ഏതാണ്ട് ഏഴു ലക്ഷം രൂപയുടെ നേട്ടം സാധാരണക്കാരാനായ നികുതിദായകർക്ക് ലഭിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രഭാഷണത്തിൽ വ്യക്തമാക്കി.
2020 മാർച്ച് 31-നുള്ളിൽ വായ്പ എടുക്കുന്നവർക്കായിരിക്കും ഈ ആശ്വാസം ലഭിക്കുക. 45 ലക്ഷം രൂപ മൂല്യമുള്ള വീടിന് 36 ലക്ഷം രൂപയായിരിക്കും പരമാവധി വായ്പ ലഭിക്കുക.
റിയൽ എസ്റ്റേറ്റ്, കെട്ടിട നിർമാണം എന്നീ മേഖലകൾക്ക് ഉണർവുണ്ടാക്കുന്നതാണ് ഈ പ്രഖ്യാപനം. നോട്ടുനിരോധനം, ജി.എസ്.ടി. എന്നിവ അടുത്തത്തടുത്ത് നടപ്പാക്കിയതോടെ ഭവന നിർമാണ മേഖല മാന്ദ്യത്തിലായിരുന്നു. ബാങ്കുകളിൽ വായ്പകൾക്കുള്ള ഡിമാൻഡും കുറവായിരുന്നു. പുതിയ നടപടി ഭവന ആവശ്യകതയ്ക്കൊപ്പം വായ്പാആവശ്യകതയും ഉയർത്തും. ഫലത്തിൽ റിയൽ എസ്റ്റേറ്റ്, ബാങ്കിങ് മേഖലകളിൽ ഉണർവുണ്ടാകും. പുതുതായി വീട് വാങ്ങുന്നവർക്കും ആശ്വാസകരമാണ് ഇത്.