മുംബൈ: സാമ്പത്തിക ഇടപാടുകൾ പരമാവധി ഡിജിറ്റലാക്കാൻ ബജറ്റിലൂടെ ഇടപെടൽ. വർഷം ഒരുകോടി രൂപയിൽ കൂടുതൽ പണമായി ബാങ്കുകളിൽ നിന്ന് പിൻവലിച്ചാൽ സ്രോതസ്സിൽ രണ്ടു ശതമാനം നികുതി (ടി.ഡി.എസ്.) ഈടാക്കാൻ വ്യവസ്ഥ ഏർപ്പെടുത്തി. 50 കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള വാണിജ്യസ്ഥാപനങ്ങൾ ചെലവു കുറഞ്ഞ രീതിയിലുള്ള ഡിജിറ്റൽ ഇടപാടു സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്. ഇതിനായി, ഭീം യു.പി.ഐ, യു.പി.ഐ. ക്യുആർ കോഡ്, ആധാർ പേ, ഡെബിറ്റ് കാർഡുകൾ, നെഫ്റ്റ്, ആർ.ടി.ജി.എസ്. സംവിധാനങ്ങൾ ഉപയോഗിക്കാം.
ചെറിയ തുക ഫീസായി ഈടാക്കിയോ സൗജന്യമായോ ഈ ഇടപാടുകൾ നടത്താൻ വഴിയൊരുക്കണം. പണം കൈകാര്യം ചെയ്യുന്നത് കുറയുന്നതുവഴി ബാങ്കുകൾക്കും ആർ.ബി.ഐക്കും ലഭിക്കുന്ന ലാഭത്തിൽനിന്ന് ഇതിനുള്ള ചെലവ് ലഭ്യമാക്കാൻ ആലോചിക്കുന്നുണ്ട്. ഇതിനു വ്യവസ്ഥചെയ്യുന്ന ആദായനികുതി നിയമത്തിലും 2007 ലെ പേമെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റം ആക്ടിലും ഭേദഗതികൾ വരുത്തും.
ഡിജിറ്റൽ പേമെന്റ് കോർപ്പറേഷൻ സർക്കാരിനു നൽകിയ കണക്കു പ്രകരം ഇന്ത്യയിൽ 2016 -ലെ 79.67 കോടിയിൽനിന്ന് 2019 മാർച്ചിൽ 332.34 കോടിയായി ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം ഉയർന്നിട്ടുണ്ട്. ഇക്കാലയളവിൽ കൈമാറിയ തുക 108 ലക്ഷം കോടിയിൽനിന്ന് 258 ലക്ഷം കോടി രൂപയായും ഉയർന്നു.