ന്യൂഡൽഹി: പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുന്നത് ഊർജിതമായി തുടരുമെന്നു ബജറ്റിൽ വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽക്കുന്നതിലൂടെ ഈ വർഷം 1.05 ലക്ഷം കോടി രൂപ സമാഹരിക്കാനാണു ലക്ഷ്യമിടുന്നത്. ഫെബ്രുവരിയിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ 90,000 കോടിയാണു ലക്ഷ്യമിട്ടിരുന്നത്.
ധനകാര്യ ഇതര പൊതുമേഖലാ സ്ഥാപനങ്ങളിൽ സർക്കാരിന്റെ ഓഹരിവിഹിതം 51 ശതമാനമായി നിലനിർത്തുന്ന നയമാണ് ഇതുവരെ പിന്തുടർന്നിരുന്നത്. ചില സ്ഥാപനങ്ങളുടെ കാര്യത്തിൽ സർക്കാരിന്റെ ഓഹരിവിഹിതം 51 ശതമാനത്തിലും താഴെയാക്കിക്കൊണ്ട് ഓഹരികൾ വിൽക്കുമെന്നു ബജറ്റിൽ പറഞ്ഞു. സർക്കാർ ഓഹരികൾ 51 ശതമാനമായി നിലനിർത്തുന്ന നയത്തിൽ മാറ്റംവരുത്തും. ചില സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിനു സർക്കാർ മുൻഗണന നൽകും. എയർ ഇന്ത്യ മാത്രമല്ല, കൂടുതൽ സ്ഥാപനങ്ങളിൽ സ്വകാര്യ പങ്കാളിത്തത്തിനു ശ്രമിക്കുമെന്നും ബജറ്റിൽ പറഞ്ഞു.