ന്യൂഡൽഹി: ഇൻഷുറൻസ് അനുബന്ധ സ്ഥാപനങ്ങളിൽ 100 ശതമാനംവരെ വിദേശനിക്ഷേപത്തിനു ബജറ്റ് നിർദേശം. നിലവിൽ ഇതു 49 ശതമാനമാണ്. ഇൻഷുറൻസ് കമ്പനികളിലും എഫ്.ഡി.ഐ. (നേരിട്ടുള്ള വിദേശനിക്ഷേപം) 74 ശതമാനമാക്കി ഉയർത്താനാണു സർക്കാർ ആലോചിക്കുന്നതെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.
ഇൻഷുറൻസ് ബ്രോക്കർമാർ, റിപ്പോസിറ്ററീസ്, സർവെയേഴ്‌സ്, തേഡ് പാർട്ടി അഡ്മിനിസ്‌ട്രേറ്റേഴ്‌സ് (ടി.പി.എ.) തുടങ്ങിയവരെയും പോളിസിബസാർ പോലുള്ള വെബ് അഗ്രഗേറ്റർമാരെയുമാണ് ഇൻഷുറൻസ് അനുബന്ധ സ്ഥാപനങ്ങളെന്നു പറയുന്നത്.
ഇന്ത്യയിലേക്കുള്ള എഫ്.ഡി.ഐ. ഒന്നരലക്ഷം കോടി ഡോളറായിരുന്നത് 2018-ൽ 1.3 ലക്ഷം കോടി ഡോളറായി കുറഞ്ഞു. തുടർച്ചയായി മൂന്നാംവർഷമാണ് ഇതു കുറയുന്നത്. ഈ സാഹചര്യത്തിലാണു കൂടുതൽ മേഖലകളിൽ വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നത്. വ്യോമയാനം, മാധ്യമം (ആനിമേഷൻ, വിഷ്വൽ ഇഫക്ട്‌സ്, ഗെയിമിങ്, കോമിക്സ്) മേഖലകളിലും വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കും. ഏക ബ്രാൻഡ് ചില്ലറവിൽപ്പനമേഖലയിൽ വിദേശ നിക്ഷേപചട്ടങ്ങൾ ലഘൂകരിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കി.