കൊച്ചി: ആദായനികുതിയിൽ ഇളവുകൾ പ്രതീക്ഷിച്ചെങ്കിലും നികുതിസ്ലാബിൽ ഇത്തവണ മാറ്റമില്ല. എന്നാൽ, അഞ്ചുലക്ഷം രൂപയിൽ താഴെ നികുതിവിധേയ വരുമാനമുള്ളവർക്ക് നികുതി നൽകേണ്ടതില്ലെന്ന ഇടക്കാലബജറ്റ് നിർദേശത്തിന് പ്രാബല്യമുണ്ടാകും. അതായത്, അഞ്ചുലക്ഷം രൂപയിൽ താഴെ നികുതിവിധേയ വരുമാനമുള്ളവർക്ക് റിബേറ്റ് ഇനത്തിൽ നികുതി ഒഴിവാക്കിക്കിട്ടും.
അഞ്ചുലക്ഷം രൂപയ്ക്കുമേൽ നികുതിവിധേയ വരുമാനമുള്ളവർക്ക് നിലവിലുള്ളതുപോലെ നികുതി നൽകേണ്ടിവരും. അതായത്, രണ്ടരലക്ഷം രൂപവരെ വാർഷികവരുമാനത്തിന് നികുതിയില്ല. രണ്ടരലക്ഷംമുതൽ അഞ്ചുലക്ഷംവരെ അഞ്ചുശതമാനം, അഞ്ചുലക്ഷംമുതൽ 10 ലക്ഷംവരെ 20 ശതമാനം, 10 ലക്ഷത്തിനുമുകളിൽ 30 ശതമാനം എന്നിങ്ങനെ തുടരും.
എന്നാൽ, അതിസമ്പന്നർക്ക് ഉയർന്ന സർച്ചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടുകോടിമുതൽ അഞ്ചുകോടി രൂപവരെ വരുമാനമുള്ളവരുടെ സർച്ചാർജ് 25 ശതമാനമായി ഉയർത്തി. ഇതോടെ അവരുടെ നികുതിബാധ്യത ഏതാണ്ട് 39 ശതമാനമാകും. 30 ശതമാനം നികുതിയും അതിനുമേലുള്ള സർച്ചാർജ്, സെസ് എന്നിവയും ചേർന്നാണ് ഇത്.
അഞ്ചുകോടിക്കുമേൽ വരുമാനമുള്ളവരുടെ സർച്ചാർജ് 37 ശതമാനമായി ഉയർത്തി. ഇതോടെ ഇവരുടെ നികുതിബാധ്യത 42.7 ശതമാനമാകും. 30 ശതമാനം നികുതിയും അതിന്റെ മേലുള്ള 37 ശതമാനം സർച്ചാർജും വിവിധ സെസ്സുകളും ചേർത്താണ് ഇത്.
content highlights: Union budget 2019
*നാഷണൽ പെൻഷൻ സ്‌കീമിലെ (എൻ.പി.എസ്.) നിക്ഷേപം കാലാവധി എത്തുമ്പോൾ (60 വയസ്സ് തികയുമ്പോൾ) പിൻവലിക്കുന്നതിനുള്ള നികുതി ഒഴിവാക്കി. നിക്ഷേപത്തിന്റെ 60 ശതമാനംവരെ മാത്രമേ മെച്യൂരിറ്റി എത്തുമ്പോൾ പിൻവലിക്കാനാകൂ. ബാക്കി 40 ശതമാനം ആനുവിറ്റി പ്ലാനിൽ നിർബന്ധമായി നിക്ഷേപിക്കണമെന്ന് നേരത്തേതന്നെ വ്യവസ്ഥയുണ്ട്.