ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസരംഗം ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനു പുതിയ വിദ്യാഭ്യാസനയം നടപ്പാക്കുമെന്നു ബജറ്റ് പ്രഖ്യാപനം. ‘ലോക നിലവാരമുള്ള സ്ഥാപനം’ സൃഷ്ടിക്കുന്നതിനായി 2019-20 സാമ്പത്തികവര്‍ഷത്തില്‍ 400 കോടിരൂപ വകയിരുത്തി. മുന്‍വര്‍ഷത്തെക്കാള്‍ മൂന്നിരട്ടിയിലധികമാണിത്.
ഗവേഷണത്തിനും നവീകരണത്തിനും ഊന്നല്‍ നല്‍കി സ്കൂള്‍തലം മുതലുള്ള വിദ്യാഭ്യാസം അടിമുടി പരിഷ്കരിക്കും. ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും മൂലധനവിനിയോഗത്തിനുമായി ദേശീയ ഗവേഷണ ഫൗണ്ടേഷന്‍ (എന്‍.ആര്‍.എഫ്.) രൂപവത്കരിക്കും.
വിവിധമന്ത്രാലയങ്ങള്‍ സ്വതന്ത്രമായി നല്കുന്ന ഗവേഷണ സഹായധനം ഇതിന്റെ കീഴിലേക്കു കൊണ്ടുവരും. ഈ മന്ത്രാലയങ്ങൾ നല്കുന്നതു കൂടാതെ അധികതുകയും അനുവദിക്കും. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നത് ഉറപ്പുവരുത്തും. ആവര്‍ത്തനവും ധനനഷ്ടവും ഒഴിവാക്കും.
അഞ്ചുവര്‍ഷംമുമ്പ് ലോകത്തെ മികച്ച 200 സര്‍വകലാശാലകളില്‍ ഒന്നുപോലും ഇന്ത്യയിലുണ്ടായിരുന്നില്ല. നിരന്തരശ്രമത്തിന്റെ ഭാഗമായി മൂന്നുസ്ഥാപനങ്ങള്‍ ഈ പട്ടികയിലെത്തിയെന്നു മന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.
മറ്റു നിർദേശങ്ങൾ
* ‘സ്വയം’ പദ്ധതി പ്രകാരം ഒട്ടേറെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുടങ്ങും.
* അധ്യാപന നിലവാരം കൂട്ടുന്നതിനു ‘ഗ്ലോബല്‍ ഇനീഷ്യേറ്റീവ് ഓഫ് അക്കാദമിക് നെറ്റ് വര്‍ക്ക്’ (ജിയാന്‍) പദ്ധതി പ്രകാരം ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ശാസ്ത്രജ്ഞരെയും ഗവേഷകരെയും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കും.
* രാജ്യത്തെ സാങ്കേതിക- എന്‍ജിനീയറിങ് രംഗത്തെ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും ചേര്‍ന്നു പദ്ധതി തയ്യാറാക്കും.
* ഹയര്‍ എജ്യുക്കേഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (എച്ച്.ഇ.സി.ഐ.) സ്ഥാപിക്കുന്നതിനായി ഈ വര്‍ഷം നിയമം കൊണ്ടുവരും. ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വയംഭരണാവകാശം അനുവദിക്കും.
* പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പ്രകാരം ഒരു കോടി ജനങ്ങള്‍ക്കു വ്യവസായബന്ധിത പരിശീലനം നല്‍കും. ഭാഷാപരിശീലനം, ഇന്റര്‍നെറ്റ്, ത്രിഡി പ്രിന്റിങ്, പ്രതീതി യാഥാര്‍ഥ്യം, റോബോട്ടിക്സ് തുടങ്ങിയ മേഖലയിലാവുമിത്.