ന്യൂഡൽഹി: ബജറ്റിന്റെ പ്രതീകമായ തുകൽപ്പെട്ടിയെ ധനമന്ത്രി നിർമലാ സീതാരാമൻ വേണ്ടെന്നുവെച്ചു. പകരം ഇന്ത്യൻ പാരമ്പര്യം ഉയർത്തിപ്പിടിച്ച് അശോകസ്തംഭം പിടിപ്പിച്ച ചെമ്പട്ടു തുണിയിൽപ്പൊതിഞ്ഞ ‘ബഹീ ഖാത’യുമായി സഭയിലെത്തി. പാശ്ചാത്യ ചിന്തകളുടെ അടമത്തത്തിൽനിന്നുള്ള വിടവാങ്ങലിന്റെ പ്രതീകമാണ് ബഹീ ഖാതയെന്ന് (ലെജർ അഥവാ കണക്കുപുസ്തകം) മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞു.
1947 നവംബർ 26-നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ച ആർ.കെ. ഷൺമുഖം ചെട്ടി മുതലുള്ള എല്ലാ ധനമന്ത്രിമാരും തുകൽപ്പെട്ടിയിലാണു രേഖകൾ കൊണ്ടുവന്നിരുന്നത്. ബ്രിട്ടീഷ് പാരമ്പര്യത്തിന്റെ അനുകരണമായിരുന്നു ഇത്. 1860-ൽ ബ്രിട്ടീഷ് ധനമന്ത്രി വില്യം ഇ. ഗ്ലാഡ്സ്റ്റൺ, രാജ്ഞിയുടെ പടം സ്വർണത്തിൽ ആലേഖനംചെയ്ത തുകൽപ്പെട്ടിയിൽ ബജറ്റു രേഖകളുമായെത്തിയതോടെയാണ് ഈ പാരമ്പര്യം തുടങ്ങുന്നതെന്നാണു പറയുന്നത്. ബൂഷെത് (bougette) എന്ന ഫ്രഞ്ചുപദത്തിൽനിന്നാണു ബജറ്റ് (budget) എന്ന ഇംഗ്ലീഷ് വാക്കിന്റെ ഉദ്ഭവം. തുകൽസഞ്ചി എന്നാണു ബൂഷെതിന്റെ അർഥം. ഇതും ബജറ്റും തുകൽപ്പെട്ടിയും തമ്മിലുള്ള ബന്ധത്തിനു കാരണമാണ്.
മംഗളകർമങ്ങൾക്കു തുകലുത്പന്നങ്ങൾ ശുഭകരമല്ലെന്നു വിശ്വസിക്കുന്നയാളാണ് ധനമന്ത്രിയെന്നും അതിനാലാണ് അവർ ചെമ്പട്ടിൽ പൊതിഞ്ഞ ലെജർ കൊണ്ടുവന്നതെന്നും സുബ്രഹ്മണ്യൻ പറഞ്ഞു. മാത്രമല്ല, അതു ശുഭകരമാണെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധഗ്രന്ഥങ്ങളും പുസ്തകങ്ങളും ചുവപ്പുതുണിയിൽപ്പൊതിയാറുണ്ട്.
ബജറ്റുരേഖകൾ തയ്യാറാക്കുന്നതിനു മുമ്പായി നടക്കാറുള്ള പതിവു ഹൽവച്ചടങ്ങിൽ ചുവപ്പുനാട മുറിക്കാറുണ്ട്. ഇത്തവണ അങ്ങനെ ചെയ്യുന്നതിനുപകരം അത് അഴിക്കുകയാണു നിർമല ചെയ്തത്. പ്രധാനചടങ്ങുകളിൽ നാട മുറിക്കുന്നതു ശുഭകരമല്ലെന്നു കരുതുന്നയാളാണ് അവർ. മന്ത്രിയുടെ മാതൃക പിന്തുടർന്ന് ധനകാര്യസഹമന്ത്രി അനുരാഗ് ഠാക്കൂർ, ധനകാര്യ സെക്രട്ടറി എസ്.സി. ഗാർഗ് എന്നിവരും ഇങ്ങനെതന്നെ ചെയ്തു.
content highlights: union budget 2019