മുംബൈ: വൈദ്യുതവാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ നിർമാണകേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനും ബജറ്റിൽ ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചു.
* വൈദ്യുതവാഹനങ്ങൾ വാങ്ങുന്നവർക്കുള്ള നികുതിയിളവാണു പ്രധാനം. വായ്പയെടുത്തു വൈദ്യുതവാഹനം വാങ്ങുന്നവരുടെ ഒന്നരലക്ഷം രൂപവരെയുള്ള പലിശതിരിച്ചടവിൽ അധിക ആദായനികുതിയിളവാണു വാഗ്ദാനം. ഇതുവഴി വായ്പ കാലാവധിയിൽ നികുതിദായകനു രണ്ടരലക്ഷം രൂപയുടെവരെ നേട്ടമുണ്ടാകുമെന്നാണു കണക്കാക്കുന്നത്.
* വൈദ്യുതവാഹനങ്ങളുടെ ജി.എസ്.ടി. നിരക്ക് 12 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായി കുറയ്ക്കാൻ ജി.എസ്.ടി. കൗൺസിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
* വൈദ്യുതവാഹനഘടകങ്ങൾക്കുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കിയതാണു മറ്റൊരു ആനുകൂല്യം. ഇ-ഡ്രൈവ് അസംബ്ലി, ഓൺബോർഡ് ചാർജർ, ഇ-കംപ്രസർ, ചാർജിങ് ഗൺ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടിയാണു പൂർണമായി ഒഴിവാക്കിയത്. നൂതന സാങ്കേതികവിദ്യയുള്ള രജിസ്‌ട്രേഷനുള്ള വൈദ്യുതവാഹനങ്ങൾക്കും ബാറ്ററികൾക്കും സർക്കാർ ഇൻസെന്റീവ് നൽകും.
* വൈദ്യുതവാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാംഘട്ടം ഏപ്രിലിൽ തുടങ്ങിയിരുന്നു. മൂന്നുവർഷത്തേക്കു പതിനായിരം കോടി രൂപയാണു കേന്ദ്രമന്ത്രിസഭ ഇതിനായി അനുവദിച്ചിട്ടുള്ളത്. ഇന്ത്യയിൽ എത്രയുംവേഗം വൈദ്യുതവാഹനങ്ങൾ നിരത്തിലെത്തിക്കുകയാണു ലക്ഷ്യം. ചാർജിങ്ങിനുള്ള അടിസ്ഥാന സൗകര്യവികസനവും പദ്ധതിയുടെ ലക്ഷ്യമാണ്.
ടെലികോം രംഗത്തു സാങ്കേതികവിദ്യ നടപ്പാക്കാൻ വൈകിയതുമൂലം വ്യവസായങ്ങൾ വിദേശത്തേക്കുപോയ സാഹചര്യം വൈദ്യുതവാഹനങ്ങളുടെ കാര്യത്തിൽ ഒഴിവാക്കുന്നതിനാണു സർക്കാർ ലക്ഷ്യമിടുന്നത്. 150 സി.സി.യിൽ താഴെയുള്ള മുച്ചക്ര വാഹനങ്ങൾ 2023-ഓടെയും ഇരുചക്ര വാഹനങ്ങൾ 2025-ഓടെയും പൂർണമായി ഒഴിവാക്കാനാണു നീതി ആയോഗ് ശുപാർശ.