ന്യൂഡൽഹി: സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് (എം.എസ്.എം.ഇ.) ഊർജം പകരാൻ ധനമന്ത്രി നിർമലാ സീതാരാമന്റെ പൊടിക്കൈ. ചരക്ക്-സേവന നികുതിയിൽ (ജി.എസ്.ടി.) രജിസ്റ്റർ ചെയ്ത എം.എസ്.എം.ഇ.കൾ പുതിയ വായ്പയെടുക്കുമ്പോഴോ നിലവിലെ വായ്പ വർധിപ്പിക്കുമ്പോഴോ രണ്ടുശതമാനം പലിശസബ്സിഡി ലഭിക്കും.
ഈ പദ്ധതിക്കായി 350 കോടി രൂപ ബജറ്റിൽ വകയിരുത്തി. ജി.എസ്.ടി.യിൽ രജിസ്റ്റർചെയ്ത 20 ശതമാനം എം.എസ്.എം.ഇ.കൾക്ക് പദ്ധതി ഗുണം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
പലിശ തിരിച്ചടവു വൈകാതിരുന്നാൽ എം.എസ്.എം.ഇ.കളിലേക്കു നിക്ഷേപമെത്തും. ഇവയുടെ അടിസ്ഥാനസൗകര്യവികസനത്തിനും തൊഴിൽ സൃഷ്ടിക്കും വർധിച്ച നിക്ഷേപം ആവശ്യമുണ്ടെന്നു മന്ത്രി പറഞ്ഞു.
ഒന്നരക്കോടിയിൽത്താഴെ വാർഷിക വിറ്റുവരവുള്ള മൂന്നുകോടി കടയുടമകൾക്കു പെൻഷൻ ആനുകൂല്യങ്ങളും മന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മാൻധൻ യോജനയുടെ കീഴിലാണ് ഈ പദ്ധതി.
കൈത്തൊഴിൽ ചെയ്യുന്നവരുടെ പുതിയ 100 കൂട്ടായ്മകളുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. അരലക്ഷം കൈത്തൊഴിലുകാർക്ക് ഇതിന്റെ പ്രയോജനം കിട്ടും. 2005-ൽ സ്ഥാപിച്ച പരമ്പരാഗതവ്യവസായ പുനുരജ്ജീവന ഫണ്ടിന്റെ കീഴിലാണ് ഈ കൂട്ടായ്മകളുണ്ടാക്കുക.