ജയ്പുര്‍: മനുഷ്യാവകാശങ്ങളുടെ ശാക്തീകരണത്തിന് ഇന്ത്യയില്‍ അടിയന്തരമായി ഏകീകൃതവ്യക്തിനിയമം കൊണ്ടുവരണമെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രീന്‍ പറഞ്ഞു. ജയ്പുര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കുകയായിരുന്നു തസ്ലിമ.
പുരോഗതി കൈവരിക്കണമെങ്കില്‍ ഇസ്ലാമിക സമൂഹം വിമര്‍ശനങ്ങളോട് കൂടുതല്‍ സഹിഷ്ണുത കാണിക്കണം. ദേശീയത, മതമൗലികവാദം എന്നിവയില്‍ താന്‍ വിശ്വസിക്കുന്നില്ല.
 
ഇസ്ലാം വിമര്‍ശത്തെ അംഗീകരിക്കുംവരെ ഒരിസ്ലാമിക കാര്യത്തെയും മതേതരമായി കണക്കാക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.
വിമര്‍ശിക്കുമ്പോഴൊക്കെ ആളുകള്‍ കൊല്ലാനാണ് ശ്രമിച്ചത്. എന്തുകൊണ്ടാണ് മതനിരപേക്ഷരായ എഴുത്തുകാര്‍ക്ക് മരിക്കേണ്ടിവരികയോ അല്ലെങ്കില്‍ രാജ്യം വിട്ടുപോകേണ്ടി വരികയോ ചെയ്യുന്നതെന്ന് അവര്‍ ചോദിച്ചു. ഇന്ത്യയുടെ സമന്വയസംസ്‌കാരം കണക്കിലെടുക്കാതെ അതിനെ വിഭജിച്ചതിന്റെ പ്രത്യാഘാതങ്ങള്‍ ഇന്നും അനുഭവപ്പെടുന്നുണ്ടെന്ന് പ്രമുഖപത്രവര്‍ത്തകനും എഴുത്തുകാരനുമായ സയീദ് നഖ്വി പറഞ്ഞു.
 
രാജ്യത്തെ വിഭജിക്കാന്‍ തീരുമാനിച്ചവരെയാണ് ഇന്നുനടക്കുന്നകാര്യങ്ങള്‍ക്ക് കുറ്റപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജയ്പുര്‍ സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു നഖ്വിയും. പാകിസ്താനെ മാറ്റിനിര്‍ത്തി കശ്മീര്‍പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. പാകിസ്താനെ ഉള്‍പ്പെടുത്തുമ്പോള്‍ ഇവിടത്തെ ഹിന്ദു-മുസ്ലിം സംഘര്‍ഷസാധ്യത വര്‍ധിക്കും. സ്വയം മാറിനില്‍ക്കാതെ അത്തരമൊരു കുടുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.